തിരുവനന്തപുരം: രാജ്യാന്തര കായിക താരങ്ങൾ കേരളം വിടുന്നത് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പരാമർശം. കായിക താരങ്ങളെ സർക്കാർ അപമാനിക്കുകയാണ് എന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി (Opposition Leader VD Satheesan Letter To CM on international sports players leaving Kerala).
രാജ്യാന്തര ബാഡ്‌മിന്‍റൺ താരം എച്ച് എസ് പ്രണോയ്‌ക്ക് (Prannoy H. S.) പിന്നാലെ ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ (Triple Jump Athletes) എല്‍ദോസ് പോള്‍ (Eldhose Paul), അബ്‌ദുല്ല അബൂബക്കര്‍ (Abdulla Abubakar) എന്നിവർ കേരളം വിടുന്നെന്ന് പ്രഖ്യാപിച്ചിരുന്നു (International Sports Players Leaving Kerala). ഈ സാഹചര്യത്തിലാണ് വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
രാജ്യാന്തര കായിക താരങ്ങൾ കേരളം വിടുന്നത് സംസ്ഥാനത്തെ കായിക മേഖലയെ തളർത്തുമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി. സർക്കാരിന്‍റെയും കായിക വകുപ്പിന്‍റെയും അവഗണന കാരണമാണ് ഇത് സംഭവിക്കുന്നത്. കായിക താരങ്ങൾ സംസ്ഥാനം വിടുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ ഇപ്പോൾ സ്ഥിരമാണ്.
രാജ്യത്തിന് വേണ്ടി മെഡൽ നേടിയ കായിക താരങ്ങളാണ് ഇവർ. എന്നാൽ സർക്കാരിന്‍റെ അഭിനന്ദനമോ ഒരു നല്ല വാക്കോ ഇവർക്ക് ലഭിക്കുകയില്ല. പരിതോഷികങ്ങൾ പലതും സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ കായിക തരങ്ങൾക്ക് ഇവയൊന്നും ലഭിക്കുന്നില്ല- വി ഡി സതീശൻ കത്തിൽ വ്യക്തമാക്കി.
ജോലിക്ക് വേണ്ടി അഞ്ച് വർഷത്തിൽ അധികമായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുന്ന കായിക താരങ്ങളുണ്ട്. സ്വന്തം നാട്ടിൽ നിൽക്കുന്നതും കേരളത്തിന് വേണ്ടി സ്വർണം നേടുന്നതും അഭിമാനമായി കാണുന്ന നിരവധി താരങ്ങളുണ്ട്. എന്നാൽ ഇവരെ സർക്കാർ അപമാനിക്കുകയാണ്.
രാജ്യത്തിന് വേണ്ടി മെഡല്‍ നേടിയ കായിക താരങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണം. രാജ്യത്തിന് തന്നെ അഭിമാനമായ മലയാളി കായിക താരങ്ങളുണ്ട്. ഇവർ സംസ്ഥാനം വിട്ടു പോകുന്നത് തടയാൻ സർക്കാരിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. സർക്കാർ തന്നെ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും ജോലിയും പരിതോഷികവും നൽകാൻ അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.