തിരുവനന്തപുരം : കളമശ്ശേരി ബോംബ് സ്‌ഫോടനത്തിന് പിന്നാലെ ഉത്തരവാദിത്തമില്ലാത്ത പ്രതികരണങ്ങളുണ്ടായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്കെതിരെ പേരെടുത്ത് പറയാതെയുള്ള പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനം (VD Satheesan criticized MV Govindan and Rajeev Chandrasekhar).
ദൗര്‍ഭാഗ്യകരമായ ചില പരാമര്‍ശങ്ങള്‍ ചില ഭാഗത്ത് നിന്നുമുണ്ടായി. വളരെ ഉത്തവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു പാര്‍ട്ടിയുടെ നേതാവ് തന്നെ ഇതാദ്യം പലസ്‌തീനുമായി ബന്ധപ്പെടുത്തി. എന്താണെന്ന് യാതൊരു പിടിയുമില്ലാത്ത സമയത്തായിരുന്നു ഈ പരാമര്‍ശം.
ഒരു കേന്ദ്രമന്ത്രി തന്നെ വളരെ മോശമായി സംസ്ഥാനത്തിന് അധിക്ഷേപകരമായ പരാമര്‍ശം നടത്തി. അത്തരത്തിലൊരു പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നായിരുന്നു പ്രതിപക്ഷം സ്വീകരിച്ച നിലപാട്. ഉത്തരവാദിത്തത്തോട് കൂടിയായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രതികരണം. എന്താണ് സംഭവിച്ചതെന്ന് അറിയാതെ പൊലീസ് പോലും മരവിച്ച് നിൽക്കുന്ന ഘട്ടത്തിലായിരുന്നു ഉത്തരവാദിത്തമില്ലാത്ത പ്രസ്‌താവനകള്‍.
പ്രതിപക്ഷം മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളെയും മുഖ്യമന്ത്രി യോഗത്തില്‍ അംഗീകരിക്കുകയും ചെയ്‌തു. കേരളത്തിന്‍റെ സമൂഹത്തില്‍ ഭിന്നിപ്പും വിദ്വേഷവും വളര്‍ത്താന്‍ ചില ശക്തികള്‍ ശ്രമിക്കുമ്പോള്‍ കേരളം ഒറ്റക്കെട്ടാണ് എന്നുള്ള സന്ദേശം കൊടുക്കേണ്ടതുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഒരുമിച്ച് നിന്ന് സംസ്ഥാനത്തിന്‍റെ താൽപര്യങ്ങള്‍ സംരക്ഷിക്കുക എന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്.
അതേ അവസരത്തില്‍ തന്നെ പൊലീസിന്‍റെ ഇന്‍റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തണം. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രചരണങ്ങൾക്ക് തടയിടാനുള്ള സംവിധാനങ്ങളും സങ്കേതങ്ങളും സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്‌തുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
കളമശ്ശേരി ബോംബ് സ്‌ഫോടനത്തിന് പിന്നാലെ സ്‌ഫോടനം ഭീകരപ്രവര്‍ത്തനത്തിന്‍റെ ഭാഗമാണെന്നും കേരളം പലസ്‌തീനൊപ്പം പൊരുതുമ്പോള്‍ ജനശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും എംവി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. ആഭ്യന്തര വകുപ്പിന്‍റെ ചുമതല കൂടി വഹിക്കുമ്പോഴും അഴിമതി ആരോപണങ്ങളാല്‍ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന്‍റെ ഉദാഹരണം കൂടിയാണ് കളമശ്ശേരിയില്‍ കണ്ടത്.
കേരളത്തില്‍ തീവ്രവാദികളായ ഹമാസിന്‍റെ ജിഹാദിന് വേണ്ടിയുള്ള ആഹ്വാനങ്ങള്‍ നിരപരാധികളായ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്തുമ്പോള്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഇസ്രയേലിനെതിരെ പ്രതിഷേധിക്കുന്നുവെന്നായിരുന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.