തിരുവനന്തപുരം: സിപിഎം രണ്ട് തവണ ക്ഷണിച്ചിട്ടും കോണ്‍ഗ്രസിനെ ക്ഷണിക്കാത്ത റാലിയില്‍ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയതിന്‍റെ ജാള്യതയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ പ്രതികരണത്തില്‍ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള പതിറ്റാണ്ടുകളായുള്ള ബന്ധത്തില്‍ ഉലച്ചില്‍ വരുത്താന്‍ ഒരു സിപിഎമ്മിനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊട്ടിഘോഷിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനകീയ ഹോട്ടലുകള്‍ നടത്തിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയില്ലെന്നത് യാഥാര്‍ഥ്യമാണ്. ആ യാഥാര്‍ഥ്യം അംഗീകരിക്കണം. അവര്‍ക്ക് നല്‍കാനുള്ള പണം നല്‍കണം. പണം നല്‍കാതെ കുടുംബശ്രീ പ്രവര്‍ത്തകരെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണ്. അതിന് ന്യായീകരണം പറഞ്ഞിട്ട് കാര്യമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
കേരളീയത്തെ കുറിച്ചും പ്രതികരണം: കേരളീയത്തിന്‍റെ പേരില്‍ ജിഎസ്‌ടി ഇന്‍റലിജന്‍സ് അഡി. കമ്മിഷണറെ കൊണ്ട് പണം പിരിപ്പിച്ചതിന് സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് വിഡി സതീശന്‍ പറഞ്ഞു. കേരള ഫിനാന്‍ഷ്യല്‍ കോഡ് അനുസരിച്ച് ഒരു ഉദ്യോഗസ്ഥനും പണപ്പിരിവ് നടത്താന്‍ അധികാരമില്ല. എന്നിട്ടാണ് ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി അയാള്‍ക്ക് സമ്മാനം നല്‍കിയത്. നികുതി വെട്ടിപ്പ് തടയേണ്ട ആളെക്കൊണ്ട് ഭീഷണിപ്പെടുത്തിയും ശാസിച്ചും സൗകര്യങ്ങള്‍ ചെയ്‌തു നല്‍കിയും ജിഎസ്‌ടി അഡി. കമ്മിഷണര്‍ പണപ്പിരിവ് നല്‍കിയതിനെ കുറിച്ചാണ് അന്വേഷിക്കേണ്ടത്.
നികുതി പിരിവില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനിടയിലാണ് നികുതി വെട്ടിപ്പുകാരില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് വാങ്ങിയത്. റെയ്‌ഡുകള്‍ ഉണ്ടാകില്ലെന്ന ഉറപ്പിലാണ് സ്പോണ്‍സര്‍ഷിപ്പ്. ജിഎസ്‌ടി ഉദ്യോഗസ്ഥനെ കൊണ്ട് പിരിവ് നടത്തിയതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
ഇപി ജയരാജന്‍ പറഞ്ഞത് ഇങ്ങനെ: കോണ്‍ഗ്രസ് മുസ്‌ലിം ലീഗിനെ അവിശ്വസിക്കുകയാണ്. എംവി രാഘവന്‍ അനുസ്‌മരണ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ കോണ്‍ഗ്രസ് തടഞ്ഞു. കോണ്‍ഗ്രസ് വല്ലാത്ത ഭയപ്പാടിലാണ്. മുസ്‌ലിം ലീഗിന്‍റെ സഹായമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസ് ഒരിടത്തും ജയിക്കില്ല. എന്നാല്‍ ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ ജയിക്കാവുന്ന പല സീറ്റുകളുമുണ്ടെന്നും ഇപി ജയരാജന്‍ പറഞ്ഞു. കേരളീയം നഷ്‌ടമല്ലെന്നും നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കേരളീയത്തിന്‍റെ ഭാഗമായി നമ്മുടെ നിക്ഷേപം വര്‍ധിക്കും. സാമ്പത്തിക പ്രയാസം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച തീരുമാനം നേരത്തെ എടുത്തതാണ്. നേരത്തെ എടുത്ത തീരുമാനമനുസരിച്ച് മാത്രമെ പുനഃസംഘടന നടക്കൂവെന്നുമാണ് ഇപി ജയരാജന്‍ പറഞ്ഞത്.