തിരുവനന്തപുരം: സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സമയത്ത് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്ന സര്‍ക്കാര്‍ നടപടിയെ ധൂര്‍ത്ത് എന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (V D Satheesan). ചെലവ് ചുരുക്കണമെന്ന് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും അടിക്കടി ഉപദേശിക്കുന്ന മുഖ്യമന്ത്രി, പറയുന്നതില്‍ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ ഈ നീക്കത്തിൽ നിന്ന് പിൻമാറണമെന്നും പ്രതിപക്ഷ നേതാവ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു (V D Satheesan Criticize Pinarayi Vijayan to Hire Helicopter).
അങ്ങേയറ്റം ബുദ്ധിമുട്ടിയാണ് സര്‍ക്കാരിന്‍റെ ദൈനംദിന ചെലവുകള്‍ക്കുള്ള പണം പോലും കണ്ടെത്തുന്നത്. ഈ സാഹചര്യത്തിലും പ്രതിമാസം 80 ലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് ധൂര്‍ത്തിന്‍റെ അങ്ങേയറ്റമാണ്. 5 ലക്ഷം രൂപയുടെ ചെക്കുകള്‍ പോലും ട്രഷറിയില്‍ മാറ്റാനാകാത്ത അവസ്ഥയുള്ളപ്പോഴാണ് മുഖ്യമന്ത്രിക്ക് 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം മുടക്കി ഹെലികോപ്റ്റര്‍ കൊണ്ടുവരുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.
പാവപ്പെട്ടവര്‍ക്ക് ഓണകിറ്റ് നല്‍കുന്നതിനെ ചിലര്‍ ഭയക്കുന്നുവെന്ന് മുഖ്യമന്ത്രി ഇന്നലെ പുതുപ്പള്ളിയില്‍ പറഞ്ഞത് ജാള്യത മറയ്ക്കാനാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ പേരില്‍ കോട്ടയം ജില്ലയില്‍ കിറ്റ് വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയാണ് പ്രതിപക്ഷം ചെയ്‌തത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രതിപക്ഷ നേതാവ് നല്‍കിയ കത്ത് കൂടി പരിഗണിച്ചാണ് കിറ്റ് വിതരണത്തിന് അനുമതി നല്‍കിയത്.
87 ലക്ഷം പേര്‍ക്ക് ഓണകിറ്റ് നല്‍കുമെന്ന് പറഞ്ഞിട്ട് അത് ആറ് ലക്ഷമാക്കി ചുരുക്കി. അത് തന്നെ പൂര്‍ണമായി നല്‍കാനുമായില്ല. 3400 കോടിയോളം രൂപ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ നല്‍കാനുണ്ട്. ആരോപണങ്ങള്‍ക്ക് ഒന്നും മറുപടി പറയാതെ മഹാമൗനം തുടരുന്ന മുഖ്യമന്ത്രിക്കാണ് യഥാര്‍ഥത്തില്‍ ഭയം. ജനങ്ങളേയും പ്രതിപക്ഷത്തേയും ഭയക്കുന്നത് മുഖ്യമന്ത്രിക്ക് ഒട്ടും ഭൂഷണമല്ലെന്നും സതീശന്‍ വ്യക്തമാക്കി.
വറുതി ഇല്ലാതെ ഓണം ആഘോഷിച്ചെന്ന് മുഖ്യമന്ത്രി: അതേസമയം ഓണം വറുതിയിലാകുമെന്ന് പ്രചരിപ്പിച്ചവർക്ക് തിരിച്ചടിയേറ്റുവെന്നും പൊതുവിപണിയിൽ സർക്കാർ ഫലപ്രദമായിട്ടാണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) പറഞ്ഞു.
ഒരു വറുതിയും ഇല്ലാതെ കേരളം സമൃദ്ധമായി ഓണം ആഘോഷിച്ചെന്നും കിറ്റ് എന്ന് കേട്ടാൽ പ്രതിപക്ഷത്തിന് ഭയമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. സംസ്ഥാനത്ത് നേരത്തെ ഓണത്തിനെ പറ്റി അങ്കലാപ്പ് ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. ഓണം വറുതിയുടെയും ഇല്ലായ്‌മയുടേതുമാകുമെന്ന് വ്യാപകമായി പ്രചരിപ്പിച്ചെങ്കിലും പൊതുജനം അത് സ്വീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സപ്ലൈകോ (Supplyco) തകർന്നുവെന്ന് പ്രചരിപ്പിച്ച പ്രതിപക്ഷത്തിന്‍റെ മുഖത്തേറ്റ അടിയാണ് പത്ത് ദിവസത്തെ സപ്ലൈകോയുടെ വരുമാന കണക്കുകളെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൂരോപ്പട പഞ്ചായത്തിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.