തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശയാത്ര നേട്ടങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അവകാശവാദങ്ങളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഗ്രഫീൻ ഉപയോഗിച്ച് വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന് ധാരണാപത്രമായെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇക്കാര്യം മുഖ്യമന്ത്രി ഒരു വർഷം മുമ്പ് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ച കാര്യമാണ്.
ലണ്ടനിൽ വച്ച് ഹിന്ദുജ ഗ്രൂപ്പുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ ഹിന്ദുജയുടെ ആസ്ഥാനം മുംബൈ ആണ്. ഹിന്ദുജയുമായി ചർച്ച നടത്താൻ ലണ്ടനിൽ പോകേണ്ട ആവശ്യമില്ല മുംബൈയിൽ പോയാൽ മതിയെന്നെങ്കിലും അദ്ദേഹത്തിന്‍റെ ഓഫിസ് പറഞ്ഞു കൊടുക്കേണ്ടതാണ്.
കഴിഞ്ഞ ജപ്പാൻ സന്ദർശനത്തിൽ 300 കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടു എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു വരെ ഒന്നും നടന്നിട്ടില്ല. കഴിഞ്ഞ വിദേശ സന്ദർശനം കഴിഞ്ഞ് റൂം ഫോർ റിവറിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വരട്ടയാറിൽ നിന്ന് കുറച്ച് ചെളിനീക്കിയതല്ലാതെ ഒന്നും നടത്തിയില്ല.
പകരം കെ റെയിൽ പദ്ധതി നടപ്പാക്കി കേരളത്തെ വെള്ളത്തിൽ മുക്കി കൊല്ലാനാണ് സർക്കാർ ശ്രമിച്ചത്. വിദേശത്ത് സൈക്കിളിന് പ്രത്യേക വഴി, കാറിന് സഞ്ചരിക്കാൻ പ്രത്യേക വഴി എന്നൊക്കെ പറയുന്നതല്ലാതെ ഈ സന്ദർശനം കൊണ്ട് ജനത്തിന് എന്തു നേട്ടമെന്ന് സതീശൻ ചോദിച്ചു.