തിരുവനന്തപുരം: വര്‍ക്കലയില്‍ കൊവിഡ് സ്ഥിരീകരിച്ച ഇറ്റലിക്കാരനുമായി ഇടപഴകിയതിൽ ഗൗരവമെന്ന് കണ്ടെത്തി പരിശോധനയ്ക്കയച്ച ആര്‍ക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചതായി ജില്ലാ കലക്‌ടർ കെ.ഗോപാലകൃഷ്‌ണൻ. 103 പേരുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയതിൽ 30 എണ്ണമാണ് ഗൗരവമുള്ളതായി കണക്കാക്കി പരിശോധനയ്ക്കയച്ചത്. തിരുവനന്തപുരത്ത് പുതുതായി മൂന്ന് പരിശോധനാ കേന്ദ്രങ്ങൾ കൂടി തുറക്കുമെന്നും ജില്ലാ കലക്‌ടര്‍ അറയിച്ചു. ശ്രീ ചിത്ര ആശുപത്രി, രാജീവ് ഗാന്ധി ബയോ ടെക്നോളജി കേന്ദ്രം, പബ്ലിക് ഹെൽത്ത് ലാബ് എന്നിവിടങ്ങളിലാണ് പുതിയ ലാബുകൾ തുടങ്ങുന്നത്.
ജില്ലയിൽ 2,431 പേരാണ് നിരീക്ഷണത്തിലുള്ളത്. 64 പേർ ആശുപത്രികളിലും 17 വിദേശികൾ കൊവിഡ് കെയർ ഹോമിലും ബാക്കിയുള്ളവർ വീടുകളിലും നിരീക്ഷണത്തിലാണ്. യുഎഇയിൽ നിന്ന് വരുന്നവരെ നിരീക്ഷണത്തിൽ വയ്ക്കുന്നതിന് മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ശേഷം സംസ്ഥാന മാർഗ നിർദേശ പ്രകാരം അവരെ വീടുകളിൽ നിരീക്ഷണത്തിൽ വയ്ക്കാൻ തീരുമാനിച്ചു. അവരുടെ സമ്മതപത്രം വാങ്ങുമെന്നും ജില്ലാ കലക്‌ടർ വ്യക്തമാക്കി.