തിരുവനന്തപുരം : മറ്റന്നാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരത് ട്രെയിനിന്‍റെ ടിക്കറ്റ് ബുക്കിങ്ങിന് തുടക്കം. എ സി ചെയർ കാർ, എക്സിക്യുട്ടീവ് ചെയർ കാർ വിഭാഗങ്ങളിലുള്ള ടിക്കറ്റിന്‍റെ വില്‍പ്പനയാണ് ആരംഭിച്ചത്. 26ന് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും 28ന് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കുമാണ് സാധാരണ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ചെയർ കാര്‍ ടിക്കറ്റുകള്‍ക്ക് 1590 രൂപയും എക്സിക്യുട്ടീവ് ചെയർ കാര്‍ ടിക്കറ്റിന് 2880 രൂപയുമാണ് നിരക്ക്. ചൊവ്വാഴ്‌ച രാവിലെ 10.30നാണ് പ്രധാനമന്ത്രി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സര്‍വീസിന് പച്ചകൊടി വീശുക. അന്ന് കാസര്‍കോട് വരെ പ്രത്യേക സര്‍വീസ് വന്ദേഭാരത് നടത്തുന്നുണ്ട്.
പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലെങ്കിലും പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് സര്‍വീസ്. ഈ സര്‍വീസാണ് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തുക. രണ്ട് മിനിറ്റാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
പ്രദര്‍ശനത്തിന്‍റെ ഭാഗമായാണ് സ്ഥിരം സ്റ്റോപ്പില്ലാത്തയിടങ്ങളിലും ട്രെയിന്‍ നിര്‍ത്തുന്നത്. രാവിലെ 10.30ന് പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്യുന്ന സര്‍വീസ് കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ചാലക്കുടി, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാകും നിര്‍ത്തുക.
രാവിലെ 10.30 ന് പുറപ്പെടുന്ന പ്രത്യേക സര്‍വീസ് രാത്രി 8.15നാകും കാസര്‍കോട് എത്തുക. അടുത്ത ദിവസം മുതല്‍ ആരംഭിക്കുന്ന തിരുവനന്തപുരം - കാസര്‍കോട് സര്‍വീസിന് എട്ട് സ്‌റ്റോപ്പുകളാണുള്ളത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രാവിലെ 5.20ന് ആണ് വന്ദേഭാരത് എക്‌സ്‌പ്രസ് യാത്ര പുറപ്പെടുന്നത്.
കൊല്ലമാണ് ട്രെയിനിന്‍റെ ആദ്യ സ്റ്റോപ്പ്. ഇവിടെ 6.07ന് ട്രെയിനെത്തും. കോട്ടയം 7.25, എറണാകുളം ടൗണ്‍ 8.17, തൃശൂര്‍ 9.22, ഷൊര്‍ണ്ണൂര്‍ 10.02, കോഴിക്കോട് 11.03, കണ്ണൂര്‍ 12.03, കാസര്‍കോട് 1.25 എന്നിങ്ങനെയാണ് സമയക്രമം. ഉച്ചയ്ക്ക് 2.30ന് ട്രെയിനിന്‍റെ മടക്കയാത്ര തുടങ്ങും. രാത്രി 10.35ന് തിരികെയുള്ള സര്‍വീസ് തിരുവനന്തപുരത്ത് എത്തും. കണ്ണൂര്‍ - 3.28, കോഴിക്കോട് - 4.28, ഷൊര്‍ണ്ണൂര്‍ - 5.28, തൃശ്ശൂര്‍ - 6.03, എറണാകുളം - 7.05, കോട്ടയം - 8, കൊല്ലം - 9.18, തിരുവനന്തപുരം - 10.35 എന്നിങ്ങനെയാണ് മടക്കയാത്രയിലെ സമയക്രമം.