തിരുവനന്തപുരം : ഡോ. വന്ദന ദാസിന്‍റെ കൊലപാതക കേസില്‍ അതിവേഗം നീതി നടപ്പാക്കണമെന്നും ഫാസ്റ്റ്‌ട്രാക്ക് കോടതിയുടെ പരിഗണന വേണമെന്നും ആവശ്യപ്പെട്ട് സഹപ്രവര്‍ത്തകര്‍. പ്രതിയായ സ്‌കൂള്‍ അധ്യാപകന്‍ പത്ത് വര്‍ഷത്തോളം ജയിലില്‍ കിടന്ന് തിന്ന് കൊഴുത്തിട്ട് മാത്രം വിധി വരുന്ന സാഹചര്യമുണ്ടാകരുത്. വിചാരണ കാലം പ്രതിക്ക് സുരക്ഷിതമായും സുഖമായും കഴിയാനുള്ള സാഹചര്യമായി മാറരുതെന്നും ഇവര്‍ പറഞ്ഞു.
പ്രതി ബോധമില്ലാതെയാണ് കൊലപാതകം നടത്തിയതെന്ന പ്രചാരണം സംസ്ഥാനത്തുടനീളം നടക്കുന്നുണ്ട്. എന്നാല്‍ ബോധപൂര്‍വമാണ് ഇയാള്‍ കൊല നടത്തിയത്. ഡോ വന്ദനയെ ഒളിപ്പിച്ചു വച്ചിരുന്ന കത്രിക ഉപയോഗിച്ചാണ് ഇയാള്‍ കുത്തിയത്. കൂടാതെ കൊലപാതകത്തിന് ശേഷം കത്രിക കഴുകിയ ശേഷം തിരിച്ച് അതേ സ്ഥലത്ത് വയ്‌ക്കുകയും ചെയ്‌തു. മാനസിക നില തെറ്റിയ ഒരാള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ല. നല്ല ബോധത്തോടെയാണ് ഇയാള്‍ കൊലപാതകം നടത്തിയിരിക്കുന്നത്.
ബോധത്തോടെ അല്ലെങ്കില്‍ എന്തിനാണ് ഇയാള്‍ ആരും കാണാത്ത വിധത്തില്‍ കത്രിക കൈയില്‍ ചുരുട്ടി പിടിച്ചിരുന്നത്. ഇത് വെറും കത്രികയല്ല. അറ്റം വളഞ്ഞിരിക്കുന്ന ഒരു ഉപകരണമാണ്. വളരെ ആഴത്തിലുള്ള മുറിവാകും ഈ കത്രിക ഉപയോഗിച്ച് കുത്തിയാല്‍ ഉണ്ടാവുക. മാത്രവുമല്ല രക്ത കറ പൂര്‍ണ്ണമായും മാറുന്ന തരത്തില്‍ വൃത്തിയായി കഴുകിയാണ് ഇയാള്‍ യഥാസ്ഥാനത്ത് ഇത് തിരികെ വച്ചത്. എത്രയൊക്കെ പറഞ്ഞാലും വന്ദനയുടെ മാതാപിതാക്കള്‍ക്ക് മാത്രമാണ് നഷ്‌ടം. അവിടെ പോയി കണ്ണീര്‍ വീഴ്‌ത്തിയതു കൊണ്ടോ ബാഷ്‌പാഞ്ജലി അര്‍പ്പിച്ചതു കൊണ്ടോ പൂക്കള്‍ വിതറിയതു കൊണ്ടോ കാര്യമില്ല.
ഡോക്‌ടര്‍മാരെല്ലാം സമരം പിന്‍വലിച്ച് ഡ്യൂട്ടിക്ക് തിരികെ കയറാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ കണ്ണുനീര്‍ ഉണങ്ങുകയില്ല. കൊലപാതകം നടന്ന ദിവസം ഡ്യൂട്ടി ലിസ്റ്റില്‍ ഞങ്ങളുടെ ആരുടെയെങ്കിലും പേരാണ് ഉണ്ടായിരുന്നതെങ്കില്‍ വന്ദനക്ക് പകരം ഞങ്ങളായിരുന്നു ആ സ്ഥാനത്ത് ഉണ്ടാകേണ്ടിയിരുന്നത്. ഏറ്റവും വേഗത്തില്‍ കേസില്‍ വിധി വരണം. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന വിചാരണയും വീണ്ടുവിചാരവും പാടില്ല. ദ്രുതഗതിയിലുള്ള തീരുമാനമാണ് വേണ്ടത്. നാളെ ഒരു ഡോക്‌ടര്‍ ആക്രമിക്കപ്പെട്ടാല്‍ ഇതായിരിക്കും അവസ്ഥയെന്ന് മുന്നറിയിപ്പു നല്‍കുന്ന തരത്തിലുള്ള മാതൃകപരമായ ശിക്ഷയായിരിക്കണം ഉറപ്പാക്കേണ്ടത്.
സിനിമയിലെ പോലെ പൊലീസുകാര്‍ നൂറ് പേരെ ഇടിച്ചിടുന്ന ഹീറോ ആകണമെന്ന ആവശ്യമല്ല ഞങ്ങള്‍ ഉന്നയിക്കുന്നത്. തോക്കെടുത്ത് അയാളെ വെടിവച്ചു വീഴ്ത്തണമായിരുന്നുവെന്നും പറയുന്നില്ല. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് അയാളെ കീഴ്‌പ്പെടുത്തിയായിരുന്നു കൊണ്ടു വന്നിരുന്നതെങ്കില്‍, വിലങ്ങ് ധരിപ്പിച്ചിരുന്നുവെങ്കില്‍ അയാള്‍ക്ക് ആക്രമിക്കാനാകില്ലായിരുന്നു. ഒരുപാട് പേര്‍ സ്ഥലത്ത് ഉണ്ടായിരുന്നിട്ടും അക്രമിയില്‍ നിന്നും വന്ദനയെ രക്ഷിച്ചത് ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഷിബിനാണ്. ഇത്തരം പിഴവുകള്‍ തിരുത്താനുള്ള നടപടികളാകണം കൈക്കൊള്ളേണ്ടത് എന്നും സഹപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു.