തിരുവനന്തപുരം: കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് ആറുവയസുകാരന് ക്രൂരമര്‍ദനമേറ്റ സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തില്‍ സ്വമേധയ കേസെടുക്കാന്‍ ബാലാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിനാദിനെതിരെ നിയമപരമായ എല്ല നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടൽ ഉണ്ടാക്കി. കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആക്രമണത്തിനിരയായ കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.
രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് ആ കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
തലശേരിയില്‍ ജോലിക്കായി എത്തിയ രാജസ്ഥാനി കുടുംബത്തിലെ ഗണേഷ് എന്ന കുട്ടിക്കാണ് കാറിന്‍റെ ഉടമയില്‍ നിന്ന് മര്‍ദനമേറ്റത്. പൊന്ന്യംപാലം സ്വദേശി ഷിനാദാണ് കുട്ടിയെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗണേഷിന്‍റ നടുവിന് പരിക്കേറ്റു.