തിരുവനന്തപുരം: ഉത്തർ പ്രദേശിൽ മർദനമേറ്റ വിദ്യാർഥിയെ കേരളത്തിലേക്ക് ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (Education Minister V Sivankutty). കേരളം കുട്ടിയെ ദത്തെടുക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. അയങ്കാളി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം (V Sivankutty Says Kerala Is Ready To Adopt Beaten Child).
ഉത്തർ പ്രദേശിലെ മുസാഫർ നഗർ (Muzaffarnagar) ലെ നേഹ പബ്ലിക് സ്‌കൂളിൽ (Neha Public School) നടന്ന സംഭവ വികാസങ്ങൾ രാജ്യത്താകമാനമുള്ള പുരോഗമന ചിന്താഗതിക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നാനാ മേഖലയിൽ നിന്നും ഇതിനെതിരെ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ അതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതാണ്. വളരെ പൈശാചികവും ക്രൂരവുമായ സംഭവമാണെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
കുട്ടിയെ ക്ലാസ്സിൽ എഴുന്നേറ്റ് നിർത്തിച്ച് ടീച്ചർ മാറി ഇരുന്ന ശേഷം മറ്റ് കുട്ടികളെ കൊണ്ട് മർദിപ്പിക്കുന്നു. മറ്റ് കുട്ടികൾ വന്നു അടിക്കുമ്പോൾ ബലം പോരായെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ശക്തിയായി അടിക്കാൻ പറയുന്നു. പിന്നീട് ചിലരുടെ ഇടപെടൽ കൊണ്ട് അടിച്ച കുട്ടിയെ കൊണ്ട് മർദനമേറ്റ കുട്ടിക്ക് മുത്തം നൽകുന്ന വിവരവും അറിഞ്ഞു. രാജ്യത്ത് നടക്കുന്ന സംഭവ വികസങ്ങളുടെ ഉദാഹരണമാണിത്.
ഇനി ആ കുട്ടിക്ക് ആ സ്‌കൂളിൽ പഠിക്കാനാവില്ല. അതുകൊണ്ട് തന്നെ ആ കുട്ടിയെ കേരളത്തിലേക്ക് ക്ഷണിക്കുകയാണ്. ഇവിടെ പഠിക്കാൻ എല്ലാ സംവിധാനവും ഞങ്ങൾ ഒരുക്കും. മണിപ്പൂരിൽ നിന്നും കേരളത്തിലേക്ക് എത്തിയ ജെജെം എന്ന വിദ്യാർഥിക്ക് മൂന്നാം ക്ലാസിലേക്കായിരുന്നു പ്രവേശനം വേണ്ടിയിരുന്നത്. ടി സി ഇല്ലാതെയാണ് പ്രവേശനത്തിന് എത്തിയത്. എന്നാൽ പ്രവേശനത്തിന് പ്രത്യേക ഉത്തരവ് നൽകിയാണ് തൈക്കാട് മോഡൽ സ്‌കൂളിൽ പ്രവേശനം നേടിയത്. ജെജെമിന്‍റെ അച്ചനും അമ്മയും മണിപ്പൂരിലെ ക്യാമ്പിലാണ് താമസം. വീട് ഉൾപ്പെടെ കുട്ടിക്ക് നഷ്‌ടപ്പെട്ടിരുന്നു.
സമാനമായ വിഷമസന്ധിയിലാണ് ഉത്തർ പ്രദേശിലെ കുട്ടിയെന്നും അതുകൊണ്ട് ആ കുട്ടിയുടെ മാതാപിതാക്കൾക്ക് താത്‌പര്യം ഉണ്ടെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് കുട്ടിയെ ദത്തെടുത്ത് വിദ്യാഭ്യാസം നൽകാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. അവർ ഇക്കാര്യം ആലോചിച്ച് തീരുമാനിക്കട്ടെ. പാഠപുസ്‌തകത്തിൽ കേന്ദ്ര സർക്കാർ ചരിത്ര വിരുദ്ധതയും ഭരണഘടന വിരുദ്ധതയും നടപ്പാക്കി. എന്നാൽ ഇക്കാര്യത്തിലും കേരളം വ്യത്യസ്‌തമായ നിലപാടാണ് സ്വീകരിച്ചത്.
ഒഴിവാക്കിയ പാഠഭാഗങ്ങൾ അച്ചടിക്കാൻ കേരളം തീരുമാനിച്ചു. മുഖ്യമന്ത്രിയാണ് പാഠപുസ്‌തകം ഉദ്ഘാടനം ചെയ്‌തത്. കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന ഇത്തരം നടപടിക്കെതിരെ കേരളം രാജ്യത്തിന് തന്നെ മാതൃകയായ നിലപാടാണ് സ്വീകരിച്ച് വരുന്നത്. ഇതിന്‍റെ ഭാഗമായാണ് കുട്ടിയെ കേരളത്തിലേക്ക് ക്ഷണിച്ചത്. ഇക്കാര്യം സംബന്ധിച്ച് യു പി മുഖ്യമന്ത്രിക്ക് താനൊരു കത്ത് അയച്ചിരുന്നു (V Sivankutty send letter to UP Chief minister). എന്നാൽ മറുപടി ലഭിച്ചിട്ടില്ല. മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപടി വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
മുസാഫർനഗർ സംഭവം പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി: മുസാഫർനഗർ സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി വി ശിവൻകുട്ടി യുപി മുഖ്യമന്ത്രിക്ക് കത്ത് അയച്ചു (V Sivankutty React Muzaffarnagar Issue).