തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സ്വപ്‌നയുടെ വെളിപ്പെടുത്തലിലൂടെ ഒന്നാം പിണറായി സര്‍ക്കാര്‍ അധോലോക മാഫിയയെന്ന് തെളിഞ്ഞു. ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന വിഷയത്തില്‍ മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും കൃത്യമായ ഉത്തരം നല്‍കാതെ ഓടി ഒളിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മറ്റൊരിടത്തും കോൺസുലേറ്റുമായി സംസ്ഥാന സർക്കാരുകൾ അമിത ബന്ധം പുലർത്താറില്ല. സ്വപ്‌നയുടെ അരോപണങ്ങൾ ഇ.ഡിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. ഇ.ഡി വേണ്ട നടപടിയെടുക്കുമെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ ഗുഡ്‌ബുക്കില്‍ ഇടം പിടിക്കാന്‍ ആഗ്രഹം: വാര്‍ത്താസമ്മേളനത്തിന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും വി. മുരളീധരന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ഗുഡ്‌ബുക്കില്‍ ഇടം പിടിക്കാനാണ് പ്രതിപക്ഷ നേതാവിന്‍റെ ആഗ്രഹം. മുഖ്യമന്ത്രി കളളക്കടത്ത് നടത്തുമോയെന്ന് അദ്ദേഹത്തിന് സംശയമാണ്.
പുനർജനി പദ്ധതിയിലെ വിജിലൻസ് അന്വേഷണം മുന്നോട്ട് പോകുമോ എന്ന ഭയമാണ് ഈ വി.ഡി.സതീശന്‍റെ സംശയത്തിന് കാരണം. ബിജെപിയ്‌ക്ക് ഈ കാര്യത്തില്‍ യാതൊരു സംശയവുമില്ല. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയരായവര്‍ക്കൊപ്പം വേദി പങ്കിടാന്‍ ആഗ്രഹമില്ലാത്തതിനാലാണ് ലോക കേരള സഭയില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ, വ്യോമയാന നിയമങ്ങൾ പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
അഗ്നിപഥ് പ്രക്ഷോഭത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധര്‍: കേന്ദ്രസര്‍ക്കാരിന്‍റെ സൈനിക റിക്രൂട്ട്‌മെന്‍റിനുള്ള അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു. യുവാക്കളുടെ കൂട്ടത്തിൽ സാമൂഹ്യ വിരുദ്ധർ കടന്നുകൂടി അക്രമം അഴിച്ചുവിടുന്നത് സംഭവിക്കാതിരിക്കാൻ പ്രതിഷേധം നടത്തുന്നവർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.