തിരുവനന്തപുരം : കലോത്സവത്തിന്‍റെ സ്വാഗത ഗാനത്തിൽ തെറ്റില്ലെന്നും തലയില്‍ക്കെട്ടും കൈയിൽ തോക്കുമായി നടക്കുന്നത് താലിബാനും ഐഎസുമാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ. കാർഗിൽ യുദ്ധവീരൻ ക്യാപ്‌റ്റൻ വിക്രം ബത്രയുടെ പേരിലുള്ള മൈതാനത്ത് നടന്ന കലോത്സവത്തിൽ ഇന്ത്യൻ പട്ടാളത്തിന്‍റെ ധീരകൃത്യം കാണിക്കാൻ പാടില്ലെന്ന് പറയാൻ ഇത് വെള്ളരിക്ക പട്ടണമല്ല. രാജ്യത്തിന്‍റെ മാനം കാക്കുന്ന ഇന്ത്യൻ പട്ടാളത്തെയാണ് പിണറായിയും കൂട്ടരും അപമാനിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎമ്മും കോൺഗ്രസും വിഷയത്തിൽ അവസരവാദമാണ് സ്വീകരിക്കുന്നത്. കേരളത്തിലെ മുസ്‌ലിങ്ങളെ സ്വാഗത ഗാനത്തിൽ പരാമർശിച്ചിട്ടേയില്ല. തലയിൽക്കെട്ടും കൈയിൽ തോക്കുമായെത്തുന്നവർ ഭീകരവാദികളാണെന്നും ശത്രുരാജ്യത്തിനെതിരെ നിൽക്കാൻ സിപിഎം ഭയപ്പെടുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു. കലോത്സവ വേദിയിൽ ഭക്ഷണം വിളമ്പാൻ ഭയപ്പെടുന്നുവെന്ന് പഴയിടം പറഞ്ഞതിലൂടെ കേരളത്തിൽ നിലനിൽക്കുന്ന ഭീകരാവസ്ഥ വ്യക്തമാണെന്നും അദ്ദേഹം അറിയിച്ചു.
ഒന്നര പതിറ്റാണ്ടോളം പഴയിടം പാചകം ചെയ്തിട്ടും ആർക്കും പ്രശ്‌നമില്ലായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്‍റെ ജാതി ചർച്ചയാക്കുന്നത് നിഷ്കളങ്കമല്ലെന്നും ആളുകളുടെ ജീവനോപാധി പോലും നിന്നുപോകുന്ന സാഹചര്യം സംജാതമാകുന്നുവെന്നും വി.മുരളീധരന്‍ അഭിപ്രായപ്പെട്ടു. ഇതിനോട് വിയോജിച്ച മുഹമ്മദ് റിയാസും മുസ്‌ലിംലീഗിന്‍റെ കെ.എം ഷാജിയും താലിബാന്‍റെയും ഐഎസിന്‍റെയും വക്താക്കളായി മാറുകയാണെന്നും വി മുരളീധരൻ ആരോപിച്ചു.