തിരുവനന്തപുരം: ചട്ടം ലംഘിച്ചെന്ന പരാതിയിൽ മറുപടി പറയാതെ കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രധാനമന്ത്രിക്ക് നൽകിയ പരാതിയായതിനാൽ അദ്ദേഹം മറുപടി നൽകുമെന്നായിരുന്നു വി.മുരളീധരന്‍റെ വിശദീകരണം.
യുഎഇയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സ് മീറ്റിംഗിൽ പിആർ കമ്പനി മാനേജറും മഹിളാ മോർച്ച നേതാവുമായ സ്മിത മേനോനെ പങ്കെടുപ്പിച്ചെന്ന് ആരോപിച്ച് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലിം മടവൂർ ആണ് പരാതി നൽകിയത്. സ്മിത മേനോൻ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗമായിരുന്നില്ലെന്ന് വിവരാവകാശ രേഖ പ്രകാരം വ്യക്തമായിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.