തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനും ഇടയിലുള്ള പാലമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കടന്നു കയറാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ നിരവധി ആരോപണങ്ങളുണ്ടായിട്ടും കേരളത്തിലേക്ക് വരാന്‍ മടിക്കുന്നതിന് പിന്നില്‍ സംസ്ഥാനത്ത് നിന്നുള്ള ഈ കേന്ദ്രമന്ത്രിയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തോട് പുലര്‍ത്തുന്ന മൃദുസമീപനമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കേരളത്തോടുള്ളത്.
കെ റെയില്‍ പദ്ധതിക്ക് ഇപ്പോള്‍ അംഗീകാരം നല്‍കിയാല്‍ അത് കേരളത്തിലെ ബിജെപി അണികളില്‍ എതിര്‍പ്പുണ്ടാകും എന്ന് കണ്ടാണ് തീരുമാനം നീട്ടി കൊണ്ടു പോകുന്നത്. പദ്ധതിക്ക് അംഗീകാരം നല്‍കുന്നത് വൈകിപ്പിച്ച് കെ റെയിലിന് അംഗീകാരം നല്‍കാനാണ് നീക്കം. ഇതിന് പിന്നിലും വി മുരളീധരനാണ്. പക്ഷേ എന്തുവന്നാലും പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ യുഡിഎഫ് അനുവദിക്കില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ കേസ് സിബിഐയെ ഏല്‍പ്പിച്ച പിണറായി സര്‍ക്കാര്‍ സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ സിബിഐയെ ഏല്‍പ്പിക്കുമോയെന്ന് മുരളീധരൻ ചോദിച്ചു. സ്വര്‍ണക്കടത്തില്‍ ഒരു നയവും സോളാര്‍ കേസില്‍ മറ്റൊരു നയവുമാണ് സിപിഎമ്മിന്. ഇപി ജയരാജനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം മന്ത്രിയായിരിക്കേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തത് സംബന്ധിച്ചാണ്. പി ജയരാജന് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നതും ഗൗരവമുള്ളതാണ്. ഇതു രണ്ടും അന്വേഷിക്കണം. കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വം എന്ന സിപിഎം ആരോപണം ഹിന്ദുത്വത്തിന്‍റെ ഹോള്‍സെയില്‍ ബിജെപിയെ ഏല്‍പ്പിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമാണ്. ന്യൂനപക്ഷ പ്രീണനം, മൃദുഹിന്ദുത്വം എന്നീ വാക്കുകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും സ്ഥാനമുണ്ട്. ക്ഷേത്രത്തില്‍ പോയി കുറിയിട്ടാല്‍ അത് മൃദുഹിന്ദുത്വമാകില്ലെന്ന എകെ ആന്‍റണിയുടെ അഭിപ്രായത്തോട് പൂര്‍ണയോജിപ്പാണ്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് അവര്‍ ക്ഷേത്രങ്ങളില്‍ പോയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.