തിരുവനന്തപുരം : രാഹുല്‍ഗാന്ധിയുടെ ഓഫിസിനുള്ളിലെ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് ആണെന്ന് മുഖ്യമന്ത്രി പറയുന്നത് എവിടുന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിനുള്ള വിവരം അന്വേഷണ ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം നല്‍കിയതാണോ. പൊലീസ് അന്വേഷണം നടക്കുന്ന ഒരു വിഷയത്തില്‍ മുഖ്യമന്ത്രി ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞത് ശരിയായില്ലെന്നും അത് നിയമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അന്വേഷണത്തിന്‍റെ അവസാനം കോണ്‍ഗ്രസല്ലെന്നുപറയാന്‍ ഇനി മനോജ് എബ്രഹാമിന് കഴിയുമോ. ദീര്‍ഘകാലത്തിനുശേഷം മുഖ്യമന്ത്രി ഇന്നുനടത്തിയ വാര്‍ത്താസമ്മേളനം മന്‍കി ബാത്ത് ആണ്. ഒരു ഡിമെന്‍ഷ്യ രോഗിയെപ്പോലെ മുഖ്യമന്ത്രി കഴിഞ്ഞതെല്ലാം മറക്കുന്നു.
പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ നടത്തിയത് ഹീന പ്രവര്‍ത്തിയാകുന്നതെങ്ങനെയാണ്. നിയമസഭയ്ക്കുള്ളില്‍ അക്രമം നടത്തി സ്‌പീക്കറുടെ ഡയസ് തകര്‍ക്കാനും അക്രമം നടത്താനും സ്വന്തം എം.എല്‍.എമാരെ പറഞ്ഞുവിട്ട പാര്‍ട്ടി സെക്രട്ടറിയാണ് പിണറായി വിജയന്‍. കോണ്‍ഗ്രസ് സി.പി.എമ്മിന്‍റെ ഓഫിസ് എറിഞ്ഞുതകര്‍ത്തെങ്കില്‍ അതെവിടെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് വാളയാറിനപ്പുറവും ഇപ്പുറവും രണ്ടുനിലപാടില്ല. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് സോണിയാഗാന്ധിക്കെതിരെ ആരോപണമുന്നയിക്കുന്ന മുഖ്യമന്ത്രി കൂപ മണ്ഡൂകമാണ്. കല്‍പ്പറ്റയിലെ ദേശാഭിമാനി ഓഫിസ് കോണ്‍ഗ്രസ് ആക്രമിച്ചിട്ടില്ല.
ഇതിന്‍റെ പേരില്‍ കെ.എസ്.യു പ്രസിഡന്‍റിനെതിരെ കള്ളക്കേസെടുക്കുകയാണ്. പ്രതിപക്ഷത്തെ ഒഴിവാക്കി ഏകപക്ഷീയമായാണ് സഭ ടിവി യുടെ പ്രവര്‍ത്തനമെങ്കില്‍ സംപ്രേഷണം അനുവദിക്കില്ല. അത് സഭ ടി.വിയല്ല, സി.പി.എം ടിവിയാണെന്നും സതീശന്‍ ആരോപിച്ചു.