തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനം. ഇതിനായി സിൻഡിക്കേറ്റ് മൂന്നംഗ ഉപസമിതിയെ നിയോഗിച്ചു. ശിവരഞ്ജിത്തിന്‍റെ പേരിൽ ക്രിമിനൽ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടാനും തീരുമാനമായി. ശിവരഞ്ജിത്തിന്‍റെ കൈയിൽ അവ എങ്ങനെ എത്തിയെന്നും ഇതിൽ അധ്യാപകർ ഉൾപ്പെടെ ആർക്കൊക്കെ പങ്കുണ്ടെന്നും പ്രൊഫ കെ ബി മനോജിന്‍റെ നേതൃത്വത്തിലുള്ള ഉപസമിതി അന്വേഷിക്കും.
2015 മുതൽ വിവിധ ഘട്ടങ്ങളിലായി സർവകലാശാലയിൽ നിന്നും യൂണിവേഴ്‌സിറ്റി കോളജിന് നൽകിയ ഉത്തരക്കടലാസുകളാണ് ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയത്. സർവകലാശാലക്കും കോളജുകൾക്കും എതിരെ ഉയരുന്ന ആരോപണങ്ങളും പരാതികളും പരിശോധിക്കാൻ സർവകലാശാലയിൽ വിജിലൻസ് വിഭാഗം രൂപീകരിക്കും. അഫിലിയേറ്റഡ് കോളജുകളിലെ പരീക്ഷ നടത്തിപ്പും ഉത്തരക്കടലാസുകളുടെ ഉപയോഗവും കോളജുകൾ ദിവസവും സർവകലാശാലയിൽ റിപ്പോർട്ട് ചെയ്യുന്നതിനും സംവിധാനം ഒരുക്കും. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യത വരുത്തുന്നതിനായി 26 ന് കേരള സർവകലാശാലക്ക് കീഴിലെ കോളജുകളിലെ മുഴുവൻ പ്രിൻസിപ്പൽമാരുടെയും ചീഫ് സൂപ്രണ്ടുമാരുടെയും യോഗം വിളിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.