തിരുവനന്തപുരം: സർവകലാശാല പരീക്ഷകൾ ജൂൺ ആദ്യവാരം നടത്താൻ തീരുമാനം. പരീക്ഷ തിയതികൾ സർവകലാശാലകൾക്ക് തീരുമാനിക്കാം. അവസാന വർഷ പരീക്ഷകൾക്കായിരിക്കും മുൻഗണന. വിദ്യാർഥികൾക്ക് സൗകര്യ പ്രദമായ പരീക്ഷ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനും അവസരമൊരുക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ വിവിധ സർവകലാശാല വൈസ് ചാൻസിലറുമാരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനങ്ങൾ.
സംസ്ഥാനത്ത് കോളജ് വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസ്സുകളും ജൂണിൽ ആരംഭിക്കും. നേരത്തെ മെയ് മാസത്തിൽ പരീക്ഷകൾ നടത്താൻ സർവകലാശാലകൾ തീരുമാനിച്ചിരുന്നു. എന്നാൽ ലോക് ഡൗൺ നീട്ടിയതോടെ പരീക്ഷകൾ നടത്തുന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉയർന്നിരുന്നു. സർവകലാശാലകളുടെ തീരുമാനത്തിനെതിരെ വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.