തിരുവനന്തപുരം: ഇന്ധനവിലയുടെ പേരിൽ കേന്ദ്രത്തിനെതിരെ സമരം ചെയ്‌ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇനി പിണറായി വിജയനെതിരെ തിരുവനന്തപുരത്തു വന്ന് സമരം നടത്തട്ടെയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചത് കേന്ദ്ര സർക്കാരാണെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഭീമമായ നികുതിക്ക് കാരണം കേന്ദ്ര സർക്കാരാണെന്നത് കള്ള പ്രചരണമാണ്.
കെ എൻ ബാലഗോപാൽ പറയുന്നത് പച്ചക്കള്ളമെന്നും ഗീബൽസിയൻ തന്ത്രമാണ് ധനമന്ത്രിയുടേതെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാനത്തിന് അനുവദിച്ച ഫണ്ട് സംബന്ധിച്ച നിയമസഭ രേഖകൾ പുറത്ത് വിട്ടാണ് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടത്. നികുതി വെട്ടിപ്പ് തടയുന്നതിൽ കേരളം വളരെ പിന്നിലാണെന്ന് വി മുരളീധരന്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ നികുതി വെട്ടിച്ച് സ്വർണം കടത്താൻ കൂട്ടുനിൽക്കുന്ന നാട്ടിൽ നികുതി പിരിവ് എങ്ങനെ കാര്യക്ഷമമാകും എന്നും വി മുരളീധരൻ ചോദിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളം. അനാവശ്യമായി കടമെടുക്കാൻ കേന്ദ്രം അനുവദിക്കില്ല. റവന്യു കമ്മി ഗ്രാന്‍റ് ഇനത്തിൽ ഏറ്റവും കൂടുതൽ തുക നേടിയിട്ടുള്ള സംസ്ഥാനവും കേരളമാണെന്ന് മുരളീധരൻ വ്യക്തമാക്കി.
2,748 കോടി ഈ സാമ്പത്തിക വർഷം കേന്ദ്രം നൽകിയെന്ന് ധനമന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. ഇതാണോ കേന്ദ്രത്തിന്‍റെ രാഷ്‌ട്രീയ പ്രതികാരം തീർക്കലെന്ന് മുരളീധരൻ ചോദിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരം ഇതു വരെ കിട്ടേണ്ട മുഴുവൻ തുകയും സംസ്ഥാന സർക്കാരിന് കിട്ടിയിട്ടുണ്ട്. കിഫ്ബിയുടെ പേരിൽ കടമെടുത്താലും അത് തിരിച്ചടക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിദേശത്ത് വിനോദസഞ്ചാരത്തിനാണ് കടമെടുത്ത പണം ഉപയോഗിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.