തിരുവനന്തപുരം : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കേരളത്തെക്കുറിച്ചുള്ള മോശം പരാമർശത്തെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലുണ്ടായ സംഭവവികാസങ്ങൾ വിലയിരുത്തിയാൽ സംസ്ഥാനം എങ്ങോട്ട് പോയെന്ന് മനസിലാകുമെന്ന് വി.മുരളീധരൻ പറഞ്ഞു.
യോഗി പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമാണ്. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ ഭരണത്തിന്‍റെ വിലയിരുത്തൽ എന്ന നിലയിലാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തെ യോഗിയുടെ ഭരണത്തെ അതിന് മുൻപുള്ള ഉത്തർപ്രദേശിലെ ഭരണവുമായും കഴിഞ്ഞ അഞ്ച് വർഷത്തെ കേരളത്തിലെ ഭരണവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്‍റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമാകും.
ആളുകളുടെ കാല് വെട്ടിയെടുത്ത് റോഡിൽ റോന്തുചുറ്റുന്നു, ആളുകളെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനുമുന്നിൽ കൊണ്ടിടുന്നു. അതേസമയം ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്‍റെ പ്രധാന നേട്ടം ഗുണ്ടാരാജ് അവസാനിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്. കേരളത്തിൽ ഗുണ്ടാരാജ് കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടയിൽ രൂക്ഷമായി വർധിച്ചു. അത് താരതമ്യം ചെയ്യുന്നതിൽ ഒരു തെറ്റുമില്ലെന്നും മുരളീധരൻ.
സിൽവർ ലൈൻ നടപ്പിലാകാത്ത പദ്ധതി; സർവേകല്ലുകൾ നാട്ടുന്നത് പുനഃപരിശോധിക്കണം
കേന്ദ്ര സർക്കാരിന്‍റെ അനുമതിയില്ലാത്ത പദ്ധതിക്കുവേണ്ടി ജനങ്ങളെ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിച്ചുകൊണ്ട് സർവേ കല്ലുകൾ നാട്ടുന്ന സ്ഥിതി ആവശ്യമാണോ എന്ന് പരിശോധിക്കണം. നടപ്പിലാക്കാനാകാത്ത പദ്ധതിക്ക് വേണ്ടി സർവേ കല്ലുകൾ നാട്ടുന്നത് ആവശ്യമാണോ എന്ന് സംസ്ഥാന സർക്കാരാണ് തീരുമാനിക്കേണ്ടത്. സില്‍വര്‍ ലൈനിനായുള്ള സര്‍വേ നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടതിലാണ് മുരളീധരന്‍റെ പ്രതികരണം.
Also Read: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാരിന് ആശ്വാസം; സര്‍വേ നടപടികളുമായി മുന്നോട്ട് പോകാം