തിരുവനന്തപുരം: സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സമുദായിക മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ച് യുഡിഎഫിന്‍റെ ബഹുസ്വരത സദസ്. യുഡിഎഫിലെ പ്രധാന നേതാക്കളായ വി.ഡി സതീശൻ, എം.എം ഹസ്സൻ, രമേശ് ചെന്നിത്തല, സി.പി ജോൺ, ഷിബു ബേബി ജോൺ, സാദിഖലി ഷിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്ക് പുറമെ കാവാലം ശ്രീകുമാർ, അടൂർ ഗോപാലകൃഷ്‌ണൻ, സമസ്‌ത പ്രതിനിധി അബ്‌ദുൽ സലാം ബാഖവി, മലങ്കര സഭ പ്രതിനിധി വർക്കി ആറ്റുപറമ്പിൽ, ചെമ്പഴന്തി ശ്രീ നാരായണ ആശ്രമത്തിൽ നിന്നും സ്വാമി ചൈതന്യ സ്വാമി തുടങ്ങിയവരും പങ്കെടുത്തു.
മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെയും ഏക സിവിൽ കോഡിനെതിരെയുമായിരുന്നു നടത്തിയ യുഡിഎഫിന്‍റെ ബഹുസ്വരത സദസ്. അതേസമയം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ ചടങ്ങിൽ നിന്നും വിട്ടുനിന്നു. കാവാലം ശ്രീകുമാറിന്‍റെ പ്രാർഥന ഗാനത്തോടെ തുടങ്ങിയ ചടങ്ങിൽ എം.എം ഹസ്സൻ അധ്യക്ഷത വഹിച്ചു.
ഭിന്നിപ്പിനുള്ള ശ്രമം: നമ്മളെ ഭിന്നിപ്പിക്കാൻ ഭരണകൂടം തന്നെ ശ്രമിക്കുന്ന കാലത്താണ് നാമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചടങ്ങിൽ പറഞ്ഞു. സ്വന്തം നാട്ടിൽ ജീവിക്കാൻ അരക്ഷിതത്വം ഉണ്ടാവുകയാണ്. നമുക്ക് സങ്കൽപിക്കാൻ പോലും കഴിയാത്ത ഒരു സാഹചര്യം. നമ്മൾ വളർന്നു വന്ന പരിസരങ്ങളിൽ ജീവിക്കാൻ നമുക്ക് ഭയം തോന്നുന്ന സാഹചര്യം ഭരണകൂടം സൃഷ്ടിക്കുമ്പോൾ അതിനെതിരായി നാം പ്രതികരിക്കേണ്ടത് ഒറ്റക്കല്ലെന്നും എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കണമെന്നും അദ്ദേഹം അറിയിച്ചു.
യൂണിഫോം സിവിൽ കോഡ് വന്നപ്പോൾ രാജ്യത്തെ മുസ്‌ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയമായി ചിത്രീകരിച്ചു. ഏതെങ്കിലും മത വിഭാഗത്തിൽ ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അവർ ഒറ്റക്കെട്ടായി എല്ലാവരും ഒരുമിച്ച് നിന്ന് ആ വിഭാഗത്തിന്‍റെ മാത്രം പ്രശ്‌നമല്ല എന്ന് നമുക്ക് ഉറക്കെ വിളിച്ചു പറയാൻ സാധിക്കണം. എല്ലാവരെയും ഒത്തുകൊണ്ട് പോകാൻ സാധിക്കുന്ന ഒരു ശ്രേഷ്ഠമായ തലത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്റ്റേറ്റിന് എവിടെ വരെ വിവിധ മത വിഭാഗങ്ങളുടെ ആചാര ക്രമങ്ങളിലേക്കും അവരുടെ വ്യക്തി നിയമങ്ങളിലേക്കും കടന്നുചെല്ലാം എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ജുഡീഷ്യറിക്ക് ഉൾപ്പെടെ കടന്നുചെല്ലാൻ പാടില്ല എന്ന നിലപാട് ഉണ്ടായതെന്നും വി.ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.
വിമര്‍ശിച്ച് സാംസ്‌കാരിക രംഗത്തുള്ളവര്‍: വൈവിധ്യതയും വ്യത്യസ്‌തതയുമാണ് നാടിന്‍റെ പ്രത്യേകതയെന്ന് മലങ്കര സഭ പ്രതിനിധി ഫാ.വർക്കി ആറ്റുകുഴി പറഞ്ഞു. ബഹുസ്വരത നിലനിർത്തിയാലേ ഐക്യം നിലനിൽക്കുകയുള്ളു. ഏകീകൃത സിവിൽ കോഡ് വൈവിധ്യങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണെന്നും ക്രൈസ്‌തവർക്കെതിരെയുള്ള സംഘട്ടനമാണ് മണിപ്പൂരിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പല വിഭാഗത്തിനെയും ബാധിക്കുന്ന യൂണിഫോം സിവിൽ കോഡ് പുനപരിശോധിക്കണമെന്നും ഭരണഘടന പവിത്രവും മനോഹരവുമാണെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ചടങ്ങിൽ പറഞ്ഞു.