തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധം തീർത്ത് യുഡിഎഫിന്‍റെ മനുഷ്യ ഭൂപടം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി മനുഷ്യ ഭൂപടത്തിന് നേതൃത്വം നൽകി. ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കുന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടണമെന്ന് എ.കെ.ആന്റണി പറഞ്ഞു. രാജ്യം മുഴുവന്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കേരളത്തിലും പ്രതിഷേധം നടക്കുന്നത്. അതിനാൽ ജാതിയും മതവും മറന്ന് ഒരുമിച്ച് എതിർക്കണമെന്നും എ.കെ.ആന്റണി ആവശ്യപ്പെട്ടു.
മനുഷ്യ ഭൂപടത്തിന്റെ മുൻ നിരയിലാണ് എ.കെ.ആന്‍റണി, എംപിമാരായ ശശി തരൂർ, കെ.മുരളീധരൻ, അടൂർ പ്രകാശ് തുടങ്ങിയ നേതാക്കൾ അണിനിരന്നത്. കോൺഗ്രസിനെ ദേശസ്നേഹം പഠിപ്പിക്കാൻ ആരും വരണ്ടെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. വൈകിട്ട് അഞ്ച് മണിക്ക് ഇന്ത്യയുടെ ഭൂപടത്തിന്‍റെ മാതൃകയില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു. തുടര്‍ന്ന് ഗാന്ധിജി വെടിയേറ്റ് മരിച്ച സമയത്തെ അനുസ്‌മരിച്ച് 5.17ന് ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു. ഭൂപടം തീര്‍ക്കുന്നതിന് മുന്നോടിയായി 4.30ന് റിഹേഴ്‌സലുമുണ്ടായിരുന്നു.
വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മനുഷ്യ ഭൂപടം സംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ റാലി നടക്കുന്ന സാഹചര്യത്തിലാണ് മനുഷ്യ ഭൂപടം പരിപാടിയില്‍ നിന്ന് വയനാടിനെ ഒഴിവാക്കിയത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഭരണഘടനാ ദിനമായി ആചരിച്ചുകൊണ്ടായിരുന്നു യുഡിഎഫിന്‍റെ വേറിട്ട പ്രതിഷേധം.