തിരുവനന്തപുരം: സര്‍ജറി സമയത്ത് ലോങ് സ്ലീവ് സ്‌ക്രബ് ജാക്കറ്റ്, ഹിജാബ് പോലെ മുഖം മറയ്ക്കുന്ന തരത്തിലുള്ള സര്‍ജിക്കല്‍ ഹൂഡ് എന്നിവ ധരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥിനികൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ലിനറ്റ് ജെ മോറിസിന് കത്തയച്ചു. വിശ്വാസം അനുസരിച്ച് ഹിജാബ് നിര്‍ബന്ധം ആണെന്നും ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ തല മറയ്ക്കാന്‍ തങ്ങളെ അനുവദിക്കില്ലെന്നും മതവിശ്വാസമനുസരിച്ച് മുസ്‌ലിം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളിലും ഹിജാബ് നിര്‍ബന്ധമാണെന്നും കത്തില്‍ പറയുന്നു. 2018, 2021, 2022 എന്നീ ബാച്ചുകളിലുള്ള ഏഴ് വിദ്യാർഥിനികൾ ഒപ്പിട്ട കത്താണ് പ്രിൻസിപ്പലിന് നൽകിയത്.
ജൂൺ 26 തിങ്കളാഴ്‌ചയാണ് ഇത് സംബന്ധിച്ച കത്ത് 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിനിയായ അഫീഫ എൻ എ പ്രിൻസിപ്പലിന് നൽകിയത്. അതേസമയം വിദ്യാർഥിനികളുടെ കത്ത് ലഭിച്ച സാഹചര്യത്തിൽ പ്രശ്‌നം ചർച്ച ചെയ്യാൻ ഒരു വിദഗ്‌ധ സമിതിയെ രുപീകരിക്കാൻ തീരുമാനിച്ചതായി ലിനറ്റ് ജെ മോറിസ് പറഞ്ഞു. ഫുൾ സ്ലീവ് വസ്ത്രങ്ങള്‍ ഓപ്പറേഷൻ തിയറ്ററിൽ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് കത്ത് നൽകിയ വിദ്യാർഥിനിയോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
എപ്പോഴും അണുവിമുക്തമായിരിക്കേണ്ട സ്ഥലമാണ് ഓപ്പറേഷൻ തിയറ്ററുകൾ. സര്‍ജറി സമയത്ത് കൈകള്‍ മുട്ടിനു താഴെ എപ്പോഴും ശുദ്ധീകരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഹാഫ് സ്ലീവ് വസ്ത്രങ്ങള്‍ തിയറ്ററില്‍ ഉപയോഗിക്കുന്നത്. സര്‍ജറി സമയത്ത് അണുവിമുക്തമായ അന്തരീക്ഷം ഉറപ്പാക്കാന്‍ ലോകമെമ്പാടും സ്വീകരിക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. രോഗിയിലേക്ക് അണുബാധ ഉണ്ടാകാതിരിക്കാൻ ഇവ കൃത്യമായും പാലിക്കപ്പെടേണ്ടതുണ്ട്. വിദ്യാർഥിനികളുടെ ഉന്നയിച്ചിരിക്കുന്ന ആവശ്യത്തിൽ ഇൻഫെക്ഷൻ കണ്ട്രോൾ ടീമിനോടടക്കം ചർച്ച ചെയ്ത് തീരുമാനമെടുക്കും. പത്ത് ദിവസത്തിനുള്ളിൽ കത്തിന് മറുപടി നൽകുമെന്നാണ് വിദ്യാർഥിനികളെ അറിയിച്ചിരിക്കുന്നതെന്നും പ്രിൻസിപ്പൽ ലിനറ്റ് ജെ മോറിസ് പറഞ്ഞു.
മാനദണ്ഡം അനുസരിച്ച് ശസ്ത്രക്രിയ നടക്കുമ്പോൾ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഡോക്‌ടർമാർ കൈകളിൽ യാതൊരു ആഭരണങ്ങളും ധരിക്കാൻ അനുവദിക്കില്ല. കൈകൾ പൂർണമായും വൃത്തിയാക്കിയ ശേഷം മാത്രമേ ഓപ്പറേഷൻ തിയറ്ററിനുള്ളിൽ പ്രവേശിക്കാവൂ. ത്വക്ക് രോഗം അടക്കമുള്ള പ്രശ്‌നങ്ങൾ ഉള്ളപ്പോൾ ഡോക്‌ടർമാരെ ശസ്ത്രക്രിയ നടത്താൻ അനുവദിക്കാറില്ല. ഇത്തരത്തിലുള്ള കർശനമായ മാനദണ്ഡങ്ങൾ ഉള്ളപ്പോഴാണ് ലോങ് സ്ലീവ് സ്‌ക്രബ് ജാക്കറ്റ്, ഹിജാബ് പോലെ മുഖം മറയ്ക്കുന്ന തരത്തിലുള്ള സര്‍ജിക്കല്‍ ഹൂഡ് എന്നിവ ധരിക്കണമെന്ന ആവശ്യവുമായി മെഡിക്കൽ വിദ്യാർത്ഥിനികൾ രംഗത്തെത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ മേയില്‍ ഹിജാബ് ധരിച്ച വനിത ഡോക്‌ടറെ ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്‌ത സംഭവത്തില്‍ തമിഴ്‌നാട്ടില്‍ ബിജെപി പ്രവര്‍ത്തകനെതിരെ കേസെടുത്തിരുന്നു. നാഗപട്ടണം ജില്ലയിലുളള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന വനിത ഡോക്‌ടറെയാണ് ഇയാള്‍ ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്‌തത്. വെളുത്ത കോട്ട് ധരിക്കാത്തത് എന്തുകൊണ്ടാണെന്നും ഹിജാബ് ധരിച്ചത് എന്തിനാണെന്നും ചോദിച്ച് ബിജെപി പ്രവര്‍ത്തകനായ ഭുവനേശ്വര്‍ റാം വനിത ഡോക്‌ടറോട് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. മെയ് 24ന് രാത്രി നടന്ന സംഭവത്തില്‍ പരാതിയെത്തിയതോടെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.