തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തു വരുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് സർക്കാരിന് എതിരെ ശക്തമായ സമര പരിപടികൾ സംഘടിപ്പിക്കാൻ യുഡിഎഫിന് ലഭിച്ച സുവർണാവസരമാണ് സ്വർണക്കടത്ത് കേസ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര പാഴ്‌സല്‍ വഴി സ്വർണം കടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ ശക്തമായ തുടർ സമരത്തിനിറങ്ങാനാണ് കോൺഗ്രസ് തീരുമാനം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയില്‍ ഏകോപിപ്പിച്ച് മുന്നേറുന്ന പിണറായി സർക്കാരിനെതിരെ ശക്തമായ സമരപരിപാടികൾക്കാണ് ഇന്ന് ചേർന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ തീരുമാനമായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ കന്‍റോൺമെന്‍റ് ഹൗസിലും മറ്റ് അംഗങ്ങൾ വീഡിയോ കോൺഫറസിങ് വഴിയുമാണ് യോഗത്തില്‍ സംബന്ധിച്ചത്. യുഡിഎഫ് സർക്കാരിനെതിരായ ധർമ സമരമാക്കി, സോളാർ സമരത്തെ മാറ്റിയെടുത്ത് അധികാരത്തിലേറിയ ഇടത് മുന്നണിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാൻ ലഭിച്ച മികച്ച അവസരമാണെന്ന അഭിപ്രായമാണ് യോഗത്തില്‍ ഉയർന്നത്.
സമീപകാലത്ത് സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച സ്പ്രിംഗ്‌ളർ ഉൾപ്പെടെയുള്ള വിഷയങ്ങൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വീഴ്ചയെ രാഷ്ട്രീയമായി ഉപയോഗിക്കണമെന്നാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തില്‍ ഉയർന്ന അഭിപ്രായം. സോളാർ കേസില്‍ ഉമ്മൻചാണ്ടിക്കെതിരെ എല്‍ഡിഎഫ് ഉയർത്തിയ പ്രധാന ആരോപണം ഒരു സ്ത്രീക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങി എന്തും നടത്താമെന്നായിരുന്നു. സമാന രീതിയില്‍ പിണറായി വിജയന് എതിരെയും ആരോപണങ്ങൾ ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. കോണ്‍ഗ്രസ് സ്വന്തം നിലയിലും ഘടകകക്ഷികളുമായി ചേര്‍ന്നും സമരമുഖം തുറക്കും. സമാന്തര പ്രക്ഷോഭങ്ങളുമായി യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും രംഗത്തിറങ്ങും. ജൂലായ് 14 മുതല്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കും.
യുഡിഎഫ് ഉന്നതാധികാര സമിതി യോഗം തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കും. അതോടൊപ്പം നിലവിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമാകാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നുവെന്നും കോൺഗ്രസ് വിലയിരുത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലൂടെ സിപിഎമ്മിനെയും സിബിഐ, റോ അന്വേഷണ ആവശ്യങ്ങളിലൂടെ ബിജെപിയെയും പ്രതിക്കൂട്ടിലാക്കാമെന്നാണ് യുഡിഎഫ് കണക്കു കൂട്ടുന്നത്.