തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ കേരളത്തിലെ യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടു. ഡല്‍ഹിയില്‍ നിന്ന് അറ്റാഷെ റഷീദ് ഖാമീസ് അല്‍ അഷ്മിയയാണ് ചൊവ്വാഴ്ച യുഎഇയിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് നിന്ന് അറ്റാഷെ ഡൽഹിയിലേക്ക് പോയത്. സ്വർണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികൾ അറ്റാഷയ്ക്കെതിരെ മൊഴി നൽകിയിരുന്നു. സ്വർണം ഒളിപ്പിച്ച നയതന്ത്ര ബാഗേജ് അറ്റാഷയുടെ പേരിലാണ് തിരുവനന്തപുരത്ത് എത്തിയത്.
അറ്റാഷയെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നതിന് അനുമതിക്കായി കേന്ദ്ര സർക്കാർ യുഎഇയോട് അനുമതി തേടിയിരുന്നു. ഇതിനിടെയാണ് അറ്റാഷെ രാജ്യം വിട്ടത്. കോൺസുലേറ്റ് ജനറലിന്‍റെ ചുമതലയും അറ്റാഷയാണ് വഹിച്ചിരുന്നത്. സ്വർണം അടങ്ങിയ ബാഗേജ് പിടിക്കുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ കേസിലെ പ്രധാന പ്രതികളായ സ്വപ്നയും സരിത്തുമായും അറ്റാഷെ ഫോണിൽ സംസാരിച്ചതിന്‍റെ തെളിവുകൾ പുറത്ത് വന്നിരുന്നു.
അതേസമയം, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇ അറ്റാഷയെ തിരിച്ചു വിളിച്ചതാണെന്നും സൂചനയുണ്ട്. സ്വർണ കള്ളക്കടത്ത് കേസിൽ നിർണായകമായ അന്വേഷണം നടക്കുന്ന ഘട്ടത്തിലുള്ള അറ്റാഷയുടെ മടക്കം അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കും.