തിരുവനന്തപുരം: കത്ത് വിവാദത്തിൽ തമ്മിലടിച്ചും ഏറ്റുമുട്ടിയും തിരുവനന്തപുരം നഗരസഭയിലെ ഭരണ- പ്രതിപക്ഷ അംഗങ്ങൾ. ഇന്ന് (07.11.22) രാവിലെ ബിജെപി കൗൺസിലർമാർ മേയറുടെ ഓഫീസ് ഉപരോധിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. തുടർന്ന് പൊലീസ് എത്തി ബിജെപി കൗൺസിലർമാരെ കോർപ്പറേഷൻ ഓഫീസിനു വെളിയിലെത്തിച്ചു.
വാതിലുകൾ പൂട്ടിയും തകർത്തും പ്രതിഷേധം: കോർപ്പറേഷൻ ഓഫീസിന്‍റെ പുറകുവശത്തെ ഗേറ്റ് അടച്ചതിനെ തുടർന്ന് വീണ്ടും ബിജെപി കൗൺസിലർമാർ പ്രതിഷേധിച്ചു. ഇതോടെ കോർപ്പറേഷൻ ഓഫീസിന്‍റെ മുഴുവൻ വാതിലുകളും ബിജെപി കൗൺസിലർമാർ അടച്ചു. പിന്നാലെ ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ എസ്.സലീമിനെ ബിജെപി കൗൺസിലർമാർ ഓഫീസ് മുറിയിൽ പൂട്ടിയിട്ടു.
ഇതോടെ ഇടത് കൗൺസിലർമാർ പ്രതിഷേധവുമായെത്തി. ഇരുവിഭാഗവും തമ്മിൽ കയ്യാങ്കളി വരെയെത്തി കാര്യങ്ങൾ. ഇതോടെ പൊലീസ് ബലം പ്രയോഗിച്ച് ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാന്‍റെ വാതിൽ തുറന്നു.
പിൻവശത്തെ വാതിൽ തുറക്കാത്തതിൽ ബിജെപി പ്രതിഷേധം തുടർന്നു. പൂട്ട് തകർക്കാനും ശ്രമം നടന്നു. പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചെങ്കിലും വനിത കൗൺസിലർമാരടക്കം തടസം നിന്നു. സംഘർഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും നിരവധി കൗൺസിലർമാർക്ക് സംഘർഷത്തില്‍ പരിക്കേറ്റു.