തിരുവനന്തപുരം: നഗരസഭ പരിധിയില്‍ തിങ്കളാഴ്ച മുതല്‍ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരസഭ പരിധിയിലെ മുഴുവൻ കെഎസ്ആർടിസി ഡിപ്പോകളും അടച്ചു. നഗരസഭാ പരിധിയിലെ തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം സിറ്റി, വികാസ് ഭവൻ, പേരൂർക്കട, പാപ്പനംകോട്, വിഴിഞ്ഞം ഡിപ്പോകളാണ് പൂർണമായും അടച്ചത്. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് വരുന്ന കെഎസ്ആർടിസി ബസുകൾ കണിയാപുരത്ത് സർവീസ് അവസാനിപ്പിക്കും.
കൊട്ടാരക്കര, കിളിമാനൂർ ഭാഗത്ത് നിന്ന് എംസി റോഡിലൂടെ വരുന്ന ബസുകൾ വട്ടപ്പാറയിൽ സർവീസ് അവസാനിപ്പിക്കും. നെടുമങ്ങാട് ഭാഗത്ത് നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ അഴിക്കോട് വരെ മാത്രമേ സർവീസ് നടത്തൂ. നെയ്യാറ്റിൻകര ഭാഗത്ത് നിന്നും വരുന്ന ബസുകൾ പ്രാവച്ചമ്പലത്തും പൂവാർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ വിഴിഞ്ഞം ചപ്പാത്തിലും സർവീസ് അവസാനിപ്പിക്കാനാണ് തീരുമാനം.