തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ മരംമുറിക്കല്‍ അനുമതിയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന്‍റെ വിവാദ ഉത്തരവ്. ബേബി ഡാമിന് താഴെയുള്ള 15 മരങ്ങള്‍ വെട്ടിമുറിക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് തങ്ങളുടെ അറിവോടെയല്ലെന്ന വിശദീകരണവുമായി വനം മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും രംഗത്ത് വന്നതോടെ തീരുമാനത്തില്‍ ഉന്നത ഗൂഢാലോചന സംശയിക്കുകയാണ് ഭരണ-പ്രതിപക്ഷ നേതാക്കള്‍. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎല്‍എ കൂടിയായ വാഴൂര്‍ സോമനും രംഗത്ത് വന്നു.
മുഖ്യമന്ത്രിയുടെ ഓഫിസ് അറിഞ്ഞുകൊണ്ടാണ് ഉത്തരവിറക്കിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചത്. ഉത്തരവ് റദ്ദാക്കുമോ എന്ന കാര്യത്തില്‍ മന്ത്രി വ്യക്തമായ മറുപടിക്കും തയാറായില്ല.
ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട്
അടുത്തമാസം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ മുല്ലപ്പെരിയാറിലെ ആശങ്കയ്ക്ക് പരിഹാരമാകുന്നാണ് പ്രതീക്ഷ. എന്നാൽ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുഗന്‍റെ പ്രസ്‌താവന ഈ പ്രതീക്ഷകള്‍ക്ക് മങ്ങലേൽപ്പിക്കുകയാണ്.
മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തി ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നാണ് തമിഴ്‌നാടിന്‍റെ വര്‍ഷങ്ങളായുള്ള ആവശ്യം. 2014 മുതല്‍ ഇക്കാര്യത്തില്‍ സജീവശ്രമം നടത്തുകയാണ് തമിഴ്‌നാട്. 2014 മെയ് 7ന് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്‍റെ വിധി തമിഴ്‌നാടിന് അനുകൂലമായി. 136 അടിയില്‍നിന്നു 142 അടിയിലേക്കു ജലനിരപ്പ് ഉയര്‍ത്താമെന്നും അണക്കെട്ടിന്‍റെ നിരീക്ഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
2006ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തമിഴ്‌നാടിന് കൂടുതല്‍ ജലം സംഭരിക്കാനുള്ള സൗകര്യം കേരളം ചെയ്‌ത് കൊടുക്കേണ്ടതാണ്. എന്നാല്‍ കേരളം ഇതിനെതിരെ നിയമസഭയില്‍ പാസാക്കിയ ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കോടതി സംസ്ഥാനത്തിന്‍റെ വാദം തള്ളുകയായിരുന്നു.
വനംവകുപ്പ് അറിയാതെ മരംമുറിക്കാൻ അനുമതി നൽകി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
രണ്ട് വിധികളുടെയും അടിസ്ഥാനത്തില്‍ മരംമുറിക്ക് അനുമതി തേടി തമിഴ്‌നാട് 2014ലാണ് ആദ്യം കത്ത് നല്‍കിയത്. 33 മരങ്ങള്‍ മുറിക്കാനാണ് അന്ന് അനുമതി ആവശ്യപ്പെട്ടത്. പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേരളം ഈ ആവശ്യം പലതവണ തള്ളി.
2020ല്‍ 15 മരങ്ങള്‍ എന്ന കൃത്യമായ കണക്ക് തമിഴ്‌നാട് വനംവകുപ്പിന് നല്‍കി. സെപ്റ്റംബറില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്ഥലത്ത് നേരിട്ട് പരിശോധന നടത്തി. ഇതിനു പിന്നാലെയാണ് രണ്ടുദിവസം മുമ്പ് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പോലും അറിയാതെ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് മരംമുറിക്കാന്‍ അനുമതി നല്‍കിയുള്ള തീരുമാനമെടുത്തത്. വന്യ ജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 29 പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് മരംമുറിക്കാന്‍ അനുമതി നല്‍കാമെന്നാണ് ചട്ടം.
Also Read: മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത് വനംമന്ത്രി അറിയാതെ; നടപടി വിവാദത്തിൽ