തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്താനായി ഗതാഗത മന്ത്രി ആന്‍റണി രാജുവുമായി ഇന്ന്(28.09.21) വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ചര്‍ച്ച നടത്തും. വൈകുനേരം അഞ്ച് മണിക്കാണ് ചര്‍ച്ച.
കെഎസ്‌ആര്‍ടിസിയുടെ പ്രത്യേക ബസുകള്‍ ബോണ്ട് സര്‍വീസ് മാതൃകയില്‍ ഏര്‍പ്പെടുത്താനാണ് സർക്കാർ തീരുമാനം. കെഎസ്ആർടിസിയുടെ ബോണ്ട് സര്‍വീസുകള്‍ വേണമെന്ന് പല സ്‌കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്.വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.
ഗതാഗത-വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ ഒരു സീറ്റിൽ ഒരു കുട്ടി എന്ന കണക്കിലാകും യാത്രാസൗകര്യം ഒരുക്കേണ്ടത്. അതിനാൽ സ്‌കൂൾ ബസുകൾ മാത്രം പോരാത്ത സാഹചര്യമാണ്.
ഇത് മുൻകൂട്ടി കണ്ടാണ് സ്‌കൂളുകൾ കെഎസ്ആർടിസിയുടെ സഹായം തേടിയിട്ടുള്ളത്. രണ്ട് വർഷമായി ഓടത്തതിനാൽ പല സ്‌കൂൾ ബസുകളും കട്ടപ്പുറത്താണ്.
ഒക്ടോബർ 20നകം സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് സർക്കാർ നിർദേശം. ടാക്‌സ് അടക്കാനും ഫിറ്റ്നസ് എടുക്കാനും വന്‍ തുക കണ്ടെത്തേണ്ടി സാഹചര്യത്തിൽ പുതിയ ബസ് വാങ്ങാന്‍ പിടിഎകള്‍ക്ക് പൊതുജനങ്ങളുടെ സഹായം തേടാം എന്ന നിർദേശവും സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്.