സുഹൃത്ത് ബന്ധങ്ങളിലും പ്രണയ ബന്ധങ്ങളിലും ഉണ്ടാകുന്ന ഉലച്ചിലുകൾ കൊലപാതകത്തിലേക്ക് വഴിവയ്ക്കുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്തായി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. അതിന് ഇരകളാകുന്നതാകട്ടെ നമ്മുടെ പെണ്‍കുട്ടികളും.
സ്നേഹ ബന്ധങ്ങളിൽ നിന്ന് പിന്മാറിയാൽ, പ്രണയം നിരസിച്ചാൽ എല്ലാം പെണ്‍കുട്ടികൾ അതിക്രമങ്ങൾ നേരിടുകയാണ്. മാവേലിക്കരയിൽ സ്നേഹ ബന്ധത്തിൽ നിന്ന് പിന്മാറിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകൻ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തിയത് മുതൽ കോതമംഗലത്ത് ഡെന്‍റൽ വിദ്യാർഥി പിവി മാനസ വെടിയേറ്റ് കൊല്ലപ്പെട്ടതുവരെ എത്രയെത്ര ഉദാഹരണങ്ങൾ.
ആരോഗ്യകരമായ പ്രണയ ബന്ധങ്ങളും സുഹൃത്ത് വേർപിരിയലും എങ്ങനെ ആവണം എന്ന് യുവ തലമുറയെ ബോധവത്കരിക്കേണ്ട ആവശ്യകതയിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. ഇത്തരം സംഭവങ്ങളിലേക്ക് നയിക്കാൻ സാധ്യതയുള്ള പ്രണയ ബന്ധങ്ങളെ നേരത്തെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് വനിതാ ശിശു വികസന വകുപ്പ് പറയുന്നത്.
അതിനായി ടോക്‌സിക് കാമുകന്മാരുടെ സ്വഭാവ സവിശേഷതകൾ കാണിക്കുന്ന പോസ്റ്ററുകളും വകുപ്പ് പങ്കുവെക്കുന്നു. ടോക്‌സിക് ബന്ധങ്ങൾ തിരിച്ചറിഞ്ഞാലുടൻ അവസാനിപ്പിക്കാനും ഒപ്പം നിയമ സഹായമോ കൗണ്‍സിങോ നേടാനും വനിതാ ശിശു വികസന വകുപ്പ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഉടമസ്ഥതാ മനോഭാവം
ഞാൻ ആണ് നിന്‍റെ അതോറിറ്റി. നിന്‍റെ കാര്യങ്ങൾ തീരുമാനിക്കുന്ന ആൾ. എന്ത് കാര്യം ചെയ്യുന്നതിന് മുമ്പും എന്‍റെ സമ്മതം ചോദിക്കണം. എനിക്ക് ഇഷ്ടമില്ലാത്ത വസ്ത്രങ്ങൾ ഇടരുത് തുടങ്ങി വാട്‌സ്ആപ്പ് ഡിപി മാറ്റുന്നതിന് പോലും തന്‍റെ അനുവാദം വേണമെന്ന് വാശിപിടിക്കുന്ന സുഹൃത്ത്. ഇവരെ സൂക്ഷിക്കുക.
വിശ്വാസക്കുറവ്
കൂട്ടുകാരുടെ കൂടെ പുറത്ത് പോകുമ്പോൾ ഉള്ള നിയന്ത്രണങ്ങൾ. ഫോണ്‍ വിളിക്കുമ്പോൾ എടുക്കാൻ അല്പം താമസിച്ചാൽ, കാണാം എന്ന് പറഞ്ഞ സ്ഥലത്ത് വൈകിയെത്തിയാൽ ദേഷ്യപ്പെട്ട് ഇത്രയും നേരം ആരുടെ കൂടെ ആയിരുന്നു എന്ന് ചോദിക്കുന്നവർ.
നീ അവരോട് സംസാരിക്കരുത്, അയാളോട് കൂട്ടുവേണ്ട എന്നിങ്ങനെ ഇവർ എന്തിനെയും ഏതിനെയും നിയന്ത്രിക്കുന്ന സ്വഭാവം കാണിക്കും. പെൺകുട്ടിയുടെ വീട്ടിലെ സാഹചര്യങ്ങൾ മനസിലാക്കാതെ നിരന്തരം ഫോൺ ചെയ്യുന്നതും മറ്റും ഇത്തരക്കാരുടെ സ്വഭാവമാണ്.
മാനസികമായി തളർത്തുന്നവർ
എന്തെങ്കിലും പ്രശ്‌നങ്ങൾ, അല്ലെങ്കിൽ ഭൂതകാല സംഭവങ്ങൾ വീണ്ടും ഓർമിപ്പിച്ച് വൈകാരികമായും മാനസികമായും തളർത്തി ആധിപത്യം ഉറപ്പിക്കുന്നവർ. ഞാനായത് കൊണ്ട് നിന്നെ സഹിക്കുന്നു എന്ന് ഡയലോഗ് അടിക്കുന്ന ഇത്തരം സുഹൃത്തുക്കളെയും സൂക്ഷിക്കുക.
വാക്കിലും പ്രവർത്തിയിലും ബഹുമാനക്കുറവ്
'നിന്നെ എന്തിന് കൊള്ളാം' എന്ന രീതിയിലുള്ള പെരുമാറ്റം. മറ്റ് സുഹൃത്തുക്കളുടെ മുമ്പിൽ വെച്ച് ഇകഴ്ത്തിയുള്ള സംസാരം.
അനാവശ്യമായ കുറ്റപ്പെടുത്തലുകൾ
തന്‍റെ കുഴപ്പങ്ങൾക്ക് പോലും സുഹൃത്തിനെ കുറ്റപ്പെടുത്തന്നവർ. തന്‍റെ പരാജങ്ങളിൽ അവളെ പഴിക്കുന്നവർ. നിനക്ക് ഒന്നിലും ഒരു ശ്രദ്ധയും ഇല്ല എന്നായിരിക്കും ഇയാൾക്ക് പറയാനുണ്ടാകുക. സ്വന്തം തെറ്റുകൾ ഒരിക്കലും അംഗീകരിക്കാൻ തയ്യാറാവില്ല.