തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ ലീഗൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരൻ തമ്പിക്ക് സസ്പെൻഷൻ. ഉദ്യോഗാർഥികളെ ടൈറ്റാനിയത്തിൽ എത്തിച്ച് ഇന്‍റർവ്യൂ നടത്തിയത് ശശികുമാരൻ തമ്പിയാണ്. കേസിൽ അഞ്ചാം പ്രതിയാണ് ഇയാൾ.
ശശികുമാരൻ തമ്പി നിലവിൽ ഒളിവിലാണ്. കേസിലെ ഒന്നാം പ്രതിയും പ്രധാന ഇടനിലകാരിയുമായിരുന്ന ദിവ്യ നായരെ ഇന്നലെ അറസ്റ്റ് ചെയ്‌തിരുന്നു. കേസിലെ മറ്റ് പ്രതികളെല്ലാം ഒളിവിലാണ്. ടൈറ്റാനിയം എജിഎം ശശികുമാരൻ തമ്പിക്ക് തട്ടിപ്പിലുള്ളത് നിർണായക പങ്കാണ്.
തന്നിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് കോട്ടയ്ക്കകം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. അസിസ്റ്റന്‍റ് കെമിസ്റ്റ് തസ്‌തികയിൽ മാസം 75,000 രൂപ ശമ്പളം വാഗ്‌ദാനം ചെയ്‌തായിരുന്നു തട്ടിപ്പ്. പണം കൊടുത്തിട്ടും ജോലി കിട്ടാതെ വന്നപ്പോഴാണ് യുവതി പൊലീസിനെ സമീപിച്ചത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് നോട്ട്‌ബുക്കിൽ എഴുതിയ നിലയിൽ 29 പേരുടെ ലിസ്റ്റ് ലഭിച്ചത്. 2018 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. പ്രതികൾ വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ ടൈറ്റാനിയത്തിൽ ഒഴിവുകൾ ഉണ്ടെന്ന് പോസ്റ്റിടും.
ഉദ്യോഗാർഥികൾക്ക് ഇൻബോക്‌സിലൂടെ മറുപടി നൽകും. ഒപ്പം പണവും ആവശ്യപ്പെടും. ടൈറ്റാനിയത്തിലെ നിയമനം ഇതുവരെ പിഎസ്‌സിക്ക് വിടാത്തതാണ് തട്ടിപ്പിന് പിൻബലമായത്.