സൂര്യ പ്രധാന വേഷത്തിലെത്തി ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ' എന്ന ബ്രഹ്മാണ്ഡ ചിത്രം നവംബർ 14ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തുകയാണ്. 'കങ്കുവ' എന്ന സിനിമയെ കുറിച്ച് നല്ല ഓർമ്മകൾ മാത്രമാണ് ഉള്ളതെന്ന് നടൻ സൂര്യ പറഞ്ഞു. എന്നാൽ നല്ല ഓർമ്മകൾക്ക് ഒപ്പം ചെറിയൊരു വേദനയും ചിത്രം സമ്മാനിച്ചിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തി. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ സൂര്യ.
'കങ്കുവ' സിനിമയുടെ ചിത്രീകരണത്തിനിടയിൽ രണ്ട് അണിയറ പ്രവർത്തകർ അന്തരിച്ചത് വളരെ വിഷമം ഉണ്ടാക്കിയ കാര്യമാണ്. അവർ സിനിമയ്ക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചു. ഈ സിനിമയുടെ വിജയം അവരുടെ ആത്മാവിന് വേണ്ടിയുള്ള നിത്യശാന്തിയാണ്. ഈ ചിത്രത്തിന്‍റെ നെടുംതൂണായ ആർട്ട് ഡയറക്‌ടര്‍ മിലൻ ആയിരുന്നു ചിത്രീകരണത്തിനിടയിൽ ഞങ്ങളെ വിട്ട് പോയത്.
കൊടൈക്കനാലിൽ ഒരു ഭാഗം ചിത്രീകരിക്കുമ്പോൾ ഒരു മലയുടെ മുകളിൽ അദ്ദേഹം ഒരു കൃത്രിമ കാട് തന്നെ സൃഷ്‌ടിച്ചു തന്നിരുന്നു. ഹെലിക്യാം ഫ്രെയിമിൽ നോക്കുമ്പോൾ മാത്രമാണ് ആ കാടിന്‍റെ ഭംഗി മനസിലായത്. അങ്ങോട്ടേക്ക് നടന്നു പോകാൻ പോലും പ്രയാസമുള്ള സ്ഥലമാണ്. അദ്ദേഹത്തിന്‍റെ വിയോഗത്തിന് മുന്നിൽ തലകുനിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പല വിദേശരാജ്യങ്ങളും ചിത്രത്തിന്‍റെ ലൊക്കേഷനായിട്ടുണ്ട്. പലപ്പോഴും 20 മിനിറ്റ് മാത്രമാണ് സിനിമ ചിത്രീകരിക്കാൻ സമയം ലഭിക്കുക. കാരണം സൂര്യ വെളിച്ചം ചിലപ്പോൾ അരമണിക്കൂർ ഒരു മണിക്കൂർ മാത്രമാണ് ആ പ്രദേശങ്ങളിൽ നല്ലതുപോലെ ഉണ്ടാവുക. ഈ സിനിമയുടെ ഏകദേശം മുഴുവൻ രംഗങ്ങളിലും ഛായാഗ്രഹകനായ വെട്രി ലൈറ്റുകൾ ഉപയോഗിച്ച് ഷൂട്ട് ചെയ്‌തിട്ടില്ല. രാത്രികാലങ്ങളിൽ ഷൂട്ട് ചെയ്യുകയാണെങ്കിൽ പശ്ചാത്തലമായി കത്തിച്ചു വച്ചിരിക്കുന്ന തീയുടെ വെളിച്ചത്തിലാകും ചിത്രീകരണം. അത്രയും നാച്ചുറൽ ആയിട്ടാണ് കങ്കുവയുടെ ഫ്രെയിമുകൾ ഒപ്പിയെടുത്തിട്ടുള്ളത്.
3000 ത്തോളം ജൂനിയർ ആർട്ടിസ്റ്റുകളെയും ആയിരത്തോളം അണിയറ പ്രവർത്തകരെയും കോഡിനേറ്റ് ചെയ്യുമ്പോഴും സംവിധായകനായ ശിവ ഒരിക്കൽപോലും വികാരവിക്ഷോഭം പ്രകടിപ്പിച്ചിട്ടില്ല. എല്ലാം നന്മയ്ക്ക് എന്നുള്ള ഒരു ചിന്ത അദ്ദേഹം അണിയറ പ്രവർത്തകരിലേക്ക് പകർന്നു തന്നു. അങ്ങനെയൊരു ചിന്ത എല്ലാവർക്കും ഉള്ളതുകൊണ്ട് ആകണം സിനിമയുടെ ചിത്രീകരണം പലപ്പോഴും ഒരു ബുദ്ധിമുട്ടുമില്ലാതെ സുഗമമായി നടന്നു.
ഞങ്ങൾ കൊടൈക്കനാലിൽ നിന്നും ചിത്രീകരണം പൂർത്തിയാക്കി നേരെ പോയത് തായ്‌ലാൻഡിലേക്കാണ്. പ്രകൃതിയുടെ സമ്മാനം പോലെ കൊടൈക്കനാലിന് സമാനമായ അന്തരീക്ഷം ആയിരുന്നു തായ്‌ലാൻഡിലും. പലപ്പോഴും പ്രകൃതി സിനിമയുടെ ഒപ്പം അനുഗ്രഹിച്ച് നിന്നിട്ടുള്ളത് പോലെ തോന്നിയതായി സൂര്യ പ്രതികരിച്ചു.