കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ജയിലിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ ശക്തമായ വാദ പ്രതിവാദമാണ് നടന്നത്. ഇനി അന്തിമ വാദത്തിന് ശേഷം തലശേരി ജില്ലാ കോടതി കേസിൽ വെള്ളിയാഴ്‌ച (08-11-2024) വിധി പറയും. ദിവ്യയുടെയും പ്രോസിക്യൂഷൻ്റെയും എഡിഎമ്മിൻ്റെ കുടുംബത്തിൻ്റെയും വാദം കേട്ട ശേഷം കേസ് വിധിപറയാനായി മാറ്റുകയായിരുന്നു.
എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചാണ് ദിവ്യയുടെ അഭിഭാഷകൻ വാദം മുന്നോട്ട് കൊണ്ടു പോയത്. കൈക്കൂലി നൽകിയതിനാണ് പ്രശാന്തനെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്‌തതെന്നും എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നും ഇതിൻ്റെ ദൃശ്യങ്ങൾ കെടിഡിസിയുടെ ഹോട്ടലിൽ നിന്ന് ശേഖരിക്കണമെന്നും ദിവ്യയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.
അഞ്ചാം തീയതി പ്രശാന്ത് സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ സ്വർണ വായ്‌പയെടുത്തതും ആറാം തീയതി എഡിഎമ്മും പ്രശാന്തും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായതും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ കോടതിയിൽ വാദിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ദിവ്യയെ അറസ്‌റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചു'
അതേസമയം എഡിഎമ്മിൻ്റെ മരണത്തിൽ ദിവ്യയെ അറസ്‌റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്ന് മരിച്ച നവീൻ ബാബുവിൻ്റെ കുടുംബം വാദിച്ചു. എഡിഎമ്മിൻ്റെ ഭാര്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ല എന്നും രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ല എന്നും അവർ കോടതിയിൽ വ്യക്തമാക്കി.
ആത്മഹത്യയിലേക്ക് നയിക്കണം എന്ന ഉദ്ദേശം ദിവ്യക്കുണ്ടായിരുന്നില്ലെന്ന് എങ്ങനെ പറയാൻ പറ്റും. എഡിഎം കുറ്റസമ്മതം നടത്തിയെന്ന ആരോപണം കലക്‌ടർ നേരത്തെ നിഷേധിച്ചിരുന്നു. കലക്‌ടർ സൗഹൃദത്തോടെ പെരുമാറുന്ന ആളല്ല എന്നും മാനസിക അടുപ്പം ഇല്ലാത്ത കലക്‌ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണം തെറ്റാണ് എന്നും കോടതിയിൽ നവീൻ ബാബുവിന്‍റെ കുടുംബം വാദിച്ചു.
റവന്യൂ അന്വേഷണത്തിൽ കലക്‌ടർ നേരിട്ട് മൊഴി നൽകിയില്ല. നിയമോപദേശം തേടിയ ശേഷം എഴുതി തയ്യാറാക്കിയ മൊഴിയാണ് നൽകിയത്. സർക്കാർ ജീവനക്കാരൻ പെട്രോൾ പമ്പ് തുടങ്ങണം എന്ന് പറഞ്ഞ് വരുമ്പോൾ ജില്ലാ പഞ്ചായത്ത് അധ്യക്ഷ തടയേണ്ടതല്ലേ? പ്രശാന്തനെതിരെ പൊലീസ് കേസെടുത്തിട്ടില്ല.
14ാം തീയതി വരെ ഫയലിൽ അനുമതി വൈകിപ്പിച്ചു എന്നാണ് ദിവ്യ പറഞ്ഞിരുന്നത്. ദിവ്യ കീഴടങ്ങിയത് നന്നായി. അല്ലങ്കിൽ പൊലീസും ദിവ്യയും തമ്മിലെ ഒളിച്ചു കളി തുടർന്നേനെ. കലക്‌ടറുടെ മൊഴി ദിവ്യയുമായി ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കലക്‌ടറുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു.
Also Read: 'പിപി ദിവ്യ താടക, വൃത്തികെട്ട മനസിന്‍റെ ഉടമകളായി സിപിഎം നേതൃത്വം'; രൂക്ഷ വിമർശനവുമായി പിസി ജോർജ്