തിരുവനന്തപുരം : ഔദ്യോഗിക ജീവിതത്തിലുടനീളം സംശുദ്ധിയുടെ സുഗന്ധം പരത്തിയ മലയാളികളുടെ പ്രിയപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ ടിക്കാറാം മീണ കോൺഗ്രസിൽ ചേർന്നു (Tikaram Meena Joined Congress). ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്തെത്തി സംഘടന ചുമതലയുള്ള കെ സി വേണുഗോപാലിൽ നിന്ന് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചു. സ്വദേശമായ രാജസ്ഥാനിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ പ്രകടന പത്രിക സമിതിയുടെ സഹകൺവീനർ എന്ന സുപ്രധാന പദവിയിലാണ് മീണയെ നിയമിച്ചിരിക്കുന്നത് (Tikaram Meena As Rajasthan Election Manifesto Committee Co-Convener). ഇക്കാര്യം കെ സി വേണുഗോപാൽ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
2022 ൽ കേരളത്തിൽ നിന്ന് അഡിഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച ടിക്കാറാം മിണ 2018 മുതൽ 2021 വരെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറായി ശ്രദ്ധേയമായ പ്രവർത്തനമാണ് കാഴ്‌ച വച്ചത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനം വ്യാപകമായി പ്രശംസ പിടിച്ചു പറ്റിയിരുന്നു. വിരമിക്കലിനു ശേഷം സ്വദേശമായ രാജസ്ഥാനിലെ സവായ് മധേപൂർ ജില്ലയിലേക്ക് മടങ്ങിയ അദ്ദേഹം അവിടെ മുഴുവൻ സമയ സാമൂഹിക പ്രവർത്തനത്തിലേർപ്പെട്ടു.
രാജസ്ഥാനിലെ പിന്നോക്ക വിഭാഗമായ മീണ സമുദായത്തിന് ഏറെ സ്വാധീനമുള്ള ജില്ലയിൽ പിന്നോക്ക - അധഃസ്ഥിത വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പ്രവർത്തനങ്ങളിലാണ് പ്രധാനമായും ഏർപ്പെട്ടത്. ഇതിനിടെ സംസ്ഥാനത്തെ ഭരണ കക്ഷിയായ കോൺഗ്രസും മുഖ്യ പ്രതിപക്ഷമായ ബിജെപിയും രാഷ്‌ട്രീയത്തിലേക്ക് മാസങ്ങൾക്കു മുൻപ് ക്ഷണിച്ചിരുന്നെങ്കിലും മീണ മനസു തുറന്നില്ല. രാജസ്ഥാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ടിക്കാറാം മീണ തയ്യാറെടുക്കുന്ന വിവരം ഈ വർഷം മാർച്ചിൽ ഇടിവി ഭാരത് റിപ്പോർട്ട് ചെയ്‌തിരുന്നു. അതാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.
അദ്ദേഹത്തിൻ്റെ സ്വന്തം സമുദായമായ മീണ സമുദായത്തിന് സ്വാധീനമുള്ള സവായ് മധേപൂർ ജില്ലയിലെ മൂന്ന് നിയമസഭ സീറ്റുകളിലൊന്നിൽ ടിക്കാറാമിനെ കോൺഗ്രസ് പരിഗണിച്ചേക്കുമെന്നാണ് സൂചന. പരമ്പരാഗതമായി കോൺഗ്രസ് അനുഭാവമുള്ള കർഷക കുടുംബമാണ് മീണയുടേത്. അദ്ദേഹത്തിൻ്റെ ജ്യേഷ്‌ഠൻ രത്തൻലാൽ മീണ സവായ് മധേപൂർ ജില്ല പരിഷത്തിൻ്റെ അധ്യക്ഷ പദത്തിൽ 10 വർഷം സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. കോൺഗ്രസ് പ്രതിനിധിയായി വിജയിച്ചാണ് അദ്ദേഹം ജില്ല പരിഷത് പ്രസിഡൻ്റായത്.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് എല്ലാം കോൺഗ്രസ് നേതൃത്വം തീരുമാനിക്കുമെന്ന് ടിക്കാറാം മീണ ഇടിവി ഭാരതിനോടു പറഞ്ഞു. 1986 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ മീണ 35 വർഷത്തെ സിവിൽ സർവീസ് ജീവിതത്തിൽ നിന്ന് വിരമിച്ച് 2022 ലാണ് കേരളത്തോട് വിട പറഞ്ഞത്. ഐഎഎസ് ജീവിതത്തിനിടയിലും അവധി ആഘോഷിക്കാൻ അദ്ദേഹം പതിവായി സവായ് മധേപൂർ ജില്ലയിലെ പുര ജോലന്ദ എന്ന തൻ്റെ ഉൾനാടൻ കാർഷിക ഗ്രാമത്തിൽ എത്തുമായിരുന്നു. രാജസ്ഥാൻ കോൺഗ്രസിലൂടെ മീണയുടെ രണ്ടാം ഇന്നിങ്‌സിനാണ് തുടക്കമാകുന്നത്.