തിരുവനന്തപുരം : 1.3 കിലോഗ്രാം കഞ്ചാവ് കൈവശംവച്ച് വിൽപ്പന നടത്തിയ കേസിൽ തിരുവല്ലം മൂന്നാറ്റുമുക്ക് പാലത്തിന് സമീപം അട്ടാരിക്കാത്ത വീട്ടിൽ ഡോക്‌ടർ ഫയാസ് എന്ന ഫയാസിന് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്‌ജി കെ.എൻ.അജിത് കുമാറാണ് ശിക്ഷ വിധിച്ചത്.
2018 ഒക്‌ടോബർ 23നാണ് കേസിനാസ്‌പദമായ സംഭവം. തിരുവല്ലം ബൈപ്പാസ് റോഡിൽ പരുത്തിക്കുഴിക്ക് സമീപമാണ് പ്രതി ഫയാസ് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. പാൻ്റ്സിൻ്റെ മുൻവശമുള്ള പോക്കറ്റിലും പ്ലാസ്റ്റിക് കവറിലിയുമായിട്ടായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
യുവാക്കൾക്ക് പ്രതി പലതരത്തിലുള്ള ലഹരി വസ്‌തുക്കൾ ഇഞ്ചക്ഷൻ സിറിഞ്ച് മുഖേന കുത്തിവച്ചിരുന്നു. ഈ രീതിയിൽ മയക്കുമരുന്നുകൾ യുവാക്കൾക്ക് നൽകുന്നതുകൊണ്ടാണ് പ്രതിക്ക് ഡോക്‌ടർ ഫയാസ് എന്ന വിളിപ്പേര് ലഭിച്ചത്.
ജില്ല കോടതിയുടെ കീഴിൽ തന്നെ നിരവധി കഞ്ചാവ് കേസുകൾ ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ജാമ്യം ലഭിക്കാത്തത് കാരണം കസ്റ്റഡിയിൽ കിടന്നാണ് ഫയാസ് വിചാരണ നേരിട്ടത്.
6 സാക്ഷികളെയും പ്രതിയിൽ നിന്നും പിടിച്ച കഞ്ചാവ് ഉൾപ്പടെ മൂന്ന് തൊണ്ടി മുതലുകൾ, 16 രേഖകൾ എന്നിവയും പ്രോസിക്യൂഷൻ ഹാജരാക്കി. പൂന്തുറ പൊലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം 2018ൽ തന്നെ സമർപ്പിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീന്‍ ആണ് ഹാജരായത്.