തിരുവനന്തപുരം : പാറ്റൂര്‍ ആക്രമണ കേസിലെ പ്രതികളായ ഗുണ്ടകള്‍ കീഴടങ്ങി. കേസിലെ ഒന്ന് മുതല്‍ 4 വരെയുള്ള പ്രതികളാണ് കീഴടങ്ങിയത്. ആരിഫ്,ആസിഫ്,ജോമോന്‍,രഞ്ജിത്ത് എന്നിവരാണ് ഇന്ന് (21-1-2023) തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായത്.
ഗുണ്ടാത്തലവന്‍ ഓംപ്രകാശിന്‍റെ സംഘാംഗങ്ങളാണ് കീഴടങ്ങിയത്. ജനുവരി ഏഴിന് പുലര്‍ച്ചെ പാറ്റൂരില്‍വച്ച് കാറിലെത്തിയ സംഘത്തെ തടഞ്ഞുനിര്‍ത്തി അക്രമിച്ച കേസില്‍ ഇവര്‍ക്കായി പൊലീസ് വ്യാപക അന്വേഷണം നടത്തുകയായിരുന്നു. ഇവരെ പിടികൂടാത്തതില്‍ പൊലീസിന് നേരെ കടുത്ത വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ഇതിനിടയിലാണ് ഇവരുടെ കീഴടങ്ങല്‍. ഇതിനുപിന്നാലെ പ്രതികള്‍ കോടതിയില്‍ ജാമ്യാപേക്ഷയും നല്‍കിയിരുന്നു. ഇതിന്‍മേല്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കും. കൂടാതെ നഗരത്തിലെ ക്രമിനല്‍ പ്രവര്‍ത്തനങ്ങളിലെ പ്രധാന സംഘമാണിതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പൊലീസ് കൃത്രിമമായി സൃഷ്‌ടിച്ച കേസാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. കേസ് നല്‍കിയവരുടെ ആരോപണത്തിന് അനുസരിച്ചാണ് പൊലീസ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിഭാഗം ആരോപിച്ചു. ഇതുകൂടാതെ റിമാന്‍ഡ് ചെയ്യുകയാണെങ്കില്‍ ജില്ല ജയിലിലേക്ക് അയക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ കേസിലെ വാദികളായവര്‍ നിലവില്‍ ജില്ല ജയിലിൽ റിമാൻഡിലാണ്. ഈ സാഹചര്യത്തില്‍ ജില്ല ജയിലെത്തിയാല്‍ ജീവന് ഭീഷണിയുണ്ടെന്നാണ് പ്രതികള്‍ അറിയിച്ചിരിക്കുന്നത്. കേസില്‍ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള ആക്രമണമാണ് പാറ്റൂരില്‍ നടന്നത്.
കീഴടങ്ങിയ പ്രതികള്‍ ഊട്ടിയിലാണ് ഒളിവില്‍ കഴിഞ്ഞതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരുടെ ഫോണില്‍നിന്ന് നിരവധി തവണ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു. ഈ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികള്‍ ഊട്ടിയിലായിരുന്നു എന്ന വിവരം ലഭിച്ചത്. എന്നാല്‍ ഇവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
കേസ് അന്വേഷിച്ചിരുന്ന പേട്ട സിഐ റിയാസ് രാജ തന്നെ വിവരങ്ങള്‍ ഗുണ്ടകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ റിയാസ് രാജയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന്
കേസുകള്‍ പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു. ജില്ല ക്രൈംബ്രാഞ്ച് അസി കമ്മിഷണര്‍ വിജയകുമാറിന്‍റെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക സംഘമാണ് തുടര്‍ അന്വേഷണം നടത്തുന്നത്.
ഗുണ്ടാ തലവനായ ഓപ്രകാശിനായുള്ള തിരച്ചിലും പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഓപ്രകാശ് ഡല്‍ഹിയിലേക്ക് കടന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.