തിരുവനന്തപുരം: കിഫ്ബിയിൽ സിഎജി ഓഡിറ്റിന് തടസമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജി ഓഡിറ്റിന് ഒരു പരിമിതിയും ഏർപ്പെടുത്തിയിട്ടില്ല. നടപടിക്രമങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സ്റ്റാറ്റ്യൂറ്ററി ഓഡിറ്റ് സിഎജിയെ ഏൽപ്പിക്കാനാകില്ല. കിയാലിൽ സർക്കാർ ഓഹരി പങ്കാളിത്തം 32.99 % മാത്രമാണ്. അതിനാൽ അവിടെ സിഎജി ഓഡിറ്റിന് നിർബന്ധിക്കാനാകില്ല. കിഫ്ബിയിൽ സിഎജി ഓഡിറ്റിന് സമ്പൂർണ അധികാരം നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷം പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.
എന്നാൽ കിഫ്ബിയിലെ ധന വിനിയോഗം സൂക്ഷ്‌മ പരിശോധനയ്ക്ക് വിധേയമാക്കാത്തത് സ്വജനപക്ഷപാതവും അഴിമതിയും പുറത്തു വരാതിരിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ധനവകുപ്പ് മന്ത്രിയാണ് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല മന്ത്രി തോമസ് ഐസകിന് മറുപടി നൽകി. വിഡ്ഢികളായതുകൊണ്ടാണോ സി ആന്റ് എ.ജി സർക്കാരിന് മൂന്ന് തവണ കത്തയച്ചതെന്നും ചെന്നിത്തല ചോദിച്ചു.