തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിനെെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി ടി.എം തോമസ് ഐസക്. കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണമെന്ന വാർത്തയ്ക്ക് പിന്നിൽ ഇ.ഡി തന്നെയാണെന്നും വാർത്തയുടെ തലക്കെട്ട് പോലും വാട്‌സാപ്പ് സന്ദേശമായി ഇ.ഡി മാധ്യമങ്ങൾക്ക് അയച്ചു നൽകിയെന്നും തോമസ് ഐസക് പറഞ്ഞു. ഇതേതുടർന്ന് വാട്‌സാപ്പ് സന്ദേശം ധനമന്ത്രിതന്നെ പുറത്തുവിട്ടു.
ഇ.ഡി സർക്കാരിനെതിരെ ഉപജാപം നടത്തുന്നു. റഡാറുമായി ഇവിടെ നടന്നിട്ട് കാര്യമില്ല. ഒരിഞ്ച് പോലും ഇ.ഡിക്ക് മുന്നിൽ വഴങ്ങില്ല. സി.എ.ജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി എടുക്കാൻ ഇ.ഡിക്ക് അധികാരമില്ല. ഇത് നിയമസഭയോടുള്ള അവഹേളനവും സഭയുടെ അവകാശ ലംഘനവുമാണ്. കേരളത്തിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ആറാടാമെന്ന് ഇ.ഡി കരുതേണ്ട. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ഇ.ഡിയും സി.എ.ജിയും ഗൂഢാലോചന നടത്തി. പ്രതിപക്ഷ നേതാവ് മൗനം വെടിയണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.