തിരുവനന്തപുരം : യുഡിഎഫിന്‍റെ ഭാഗമായിരുന്ന രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ മുഖ്യമന്ത്രി ആവാൻ ശ്രമിച്ചതിന്‍റെ പരിണിതഫലമായാണ് ഉമ്മൻചാണ്ടി തേജോവധത്തിന് വിധേയനായതെന്ന ദല്ലാൾ നന്ദകുമാറിന്‍റെ ആരോപണത്തിൽ (Allegations of Mediator Nandakumar), ഗൗരവതരമായ രാഷ്ട്രീയം പറയുന്നതിനിടയ്ക്ക് ചെറിയ കാര്യങ്ങൾക്ക് തലവയ്ക്കുന്നത് ശരിയല്ലെന്ന മറുപടിയുമായി മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ (Thiruvanchoor Radhakrishnan on Solar Case).
'ഈ തമാശ കേൾക്കാൻ തുടങ്ങിയിട്ട് കുറേ കാലമായി. ദല്ലാൾ നന്ദകുമാറിന് മറുപടി പറയേണ്ടതുണ്ടോ. ഞാന്‍ ആരാണെന്ന് എനിക്കും നിങ്ങൾക്കും അറിയാം. മുഖ്യമന്ത്രിയും ദല്ലാൾ നന്ദകുമാറും തമ്മിലുള്ള സംഭാഷണത്തിൽ ഞങ്ങൾ മൂന്നാംകക്ഷിയാണ്. അതുകൊണ്ടുതന്നെ അഭിപ്രായം പറയുന്നത് ശരിയല്ല. അവർ തമ്മിൽ പറഞ്ഞുതീർക്കട്ടെ. ഇനിയും എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞുകൊണ്ടിരിക്കട്ടെ. അത് കേൾക്കാനാണ് കാത്തിരിക്കുന്നത്. ശത്രുക്കൾക്ക് ആയുധമുണ്ടാക്കിക്കൊടുക്കാനില്ല - തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു( Thiruvanchoor On Nadakumar's Allegations).
'ഞാന്‍ സ്‌കൂള്‍ കാലം മുതൽ അദ്ദേഹം മരിക്കുന്നത് വരെ ഉമ്മൻചാണ്ടിക്കൊപ്പം ഉണ്ടായിരുന്ന ആളാണ്. മുഖ്യമന്ത്രിയാവാൻ വേണ്ടിയാണ് ഉമ്മൻചാണ്ടിക്കെതിരായ വിവാദം ഉയർത്തിയതെന്ന ആരോപണത്തെ ചിന്നത്തമാശ എന്നല്ലാതെ ഗൗരവമായി കാണുന്നില്ല - തിരുവഞ്ചൂര്‍ പറഞ്ഞു.
ALSO READ: സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച പ്രതിപക്ഷ നോട്ടീസ്, സഭയില്‍ ഇന്ന് വീണ്ടും അടിയന്തര പ്രമേയ ചര്‍ച്ച
ഉമ്മൻചാണ്ടിയുടെ ഏത് ക്രൈസിസിലും കൂടെ നിന്ന ആളാണ് താൻ. മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹമോ ചിന്തയോ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തല ആഗ്രഹിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ അദ്ദേഹം പറയട്ടെയെന്നും തിരുവഞ്ചൂർ പറഞ്ഞു. ഗ്രൂപ്പിന്‍റെ ശക്തിക്കുവേണ്ടി പാർട്ടിയെ തളർത്തില്ല. എ ഗ്രൂപ്പ് ഉണ്ടാക്കിയത് ഞങ്ങളാണ്. അതിൽ പലരും ഇന്നില്ല. പാർട്ടിയുടെ ശക്തിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ALSO READ: സോളാര്‍ വാദപ്രതിവാദങ്ങളിലുലഞ്ഞ് സഭ, അഴിമതി ആരോപണങ്ങളുമുന്നയിച്ച് പ്രതിപക്ഷം, ശേഷം പതിവ് വോക്കൗട്ടും
ടെന്നി ജോപ്പന്‍റെ അറസ്റ്റ് ഉമ്മൻചാണ്ടി അറിഞ്ഞില്ലെന്ന കെസി ജോസഫിന്‍റെ ആരോപണം താങ്കളെ ലക്ഷ്യമിട്ടായിരുന്നില്ലേ എന്ന ചോദ്യത്തോട് ഇരിക്കുന്ന സ്ഥാനത്തോട് തനിക്ക് നീതിപുലർത്തേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കെസി ജോസഫിന്‍റെ അഭിപ്രായമായതിനാൽ വിലകുറച്ച് കാണുന്നില്ല. അച്ചടക്ക സമിതി ചെയർമാനായ താൻ ആ സ്ഥാനത്തോട് നീതി പുലർത്തേണ്ടതുണ്ട്. പ്രതികരിക്കുന്നതിന് മുന്‍പ് പാർട്ടി നേതൃത്വത്തോട് ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.