തിരുവനന്തപുരം: വേനല്‍ ചൂടില്‍ കേരളം ഉരുകിയൊലിക്കുന്നതിനൊപ്പം മൃഗശാലകളിലെ പക്ഷിമൃഗാദികളിലേക്കും പടരുകയാണ് ചൂടിന്‍റെ ആഘാതം. ചൂടില്‍ നിന്ന് മൃഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാന്‍ തിരുവനന്തപുരം മൃഗശാലാധികൃതര്‍ പ്രത്യേക വേനല്‍ക്കാല പരിചരണ മുറയാണ് ഒരുക്കുന്നത്. കടുവയ്ക്ക് കുളിക്കാന്‍ ഷവര്‍, അനക്കൊണ്ടയ്ക്ക് എസി, സസ്യഭുക്കുകളായ മൃഗങ്ങള്‍ക്കാകട്ടെ പഴവര്‍ഗങ്ങളുടെ പ്രത്യേക മെനു തന്നെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് മൃഗശാല വിഭാഗം.
കടുവയ്‌ക്ക് ഷവര്‍ റെഡി: പകല്‍ താപനില കൂടുന്നതിനനുസരിച്ച് ശരീരോഷ്‌മാവ് നിലനിര്‍ത്താന്‍ ശ്രാവണ്‍ എന്ന കടുവയ്ക്ക് ദിവസം രാവിലെയും ഉച്ചയ്ക്കും ശരീരത്തില്‍ ഹോസ് ഉപയോഗിച്ച് വെള്ളമടിച്ചു കൊടുക്കും. തൊട്ടടുത്ത കൂട്ടിലുള്ള മനു എന്ന കടുവയ്ക്കും ഇതേ പരിചരണമുറയാണ് ലഭ്യമാക്കുന്നത്. രണ്ടു പേരുടെയും കൂട്ടില്‍ ഇഷ്‌ടാനുസരണം കുളിക്കാന്‍ ഷവറും സ്ഥാപിച്ചിട്ടുണ്ട്. സാധാരണ സീസണില്‍ കടുവയ്ക്ക് ഒരു നേരം മാത്രമാണ് കുളി. എന്നാല്‍ ഉഷ്‌ണത്തില്‍ അതു പറ്റാത്തതിനാലാണിത്.
പഴവര്‍ഗങ്ങളാണ് മെയിന്‍: മൃഗശാലയിലെ മറ്റ് രണ്ട് അതിഥികളാണ് നകുലും നികുലും. ഉഷ്‌ണമകറ്റാന്‍ ഇവര്‍ക്ക് രാവിലെ ഒമ്പതിനും വൈകിട്ട് മൂന്ന് മണിക്കും കഴിക്കാന്‍ ഐസ് കഷണങ്ങള്‍ കൂട്ടില്‍ വച്ചു കൊടുക്കും. ഇത് കഴിക്കാനും ഇവര്‍ക്ക് നന്നേ ഇഷ്‌ടമാണ്. രാവിലെ ഒമ്പതിന് ജീവനക്കാര്‍ ഇവരുടെ കൂട്ടിലെത്തുമ്പോള്‍ കൈയില്‍ ഇവര്‍ക്ക് കഴിക്കാനുള്ള തണ്ണിമത്തനും മുന്തിരിയും പാത്രത്തില്‍ കരുതിയിരിക്കും. തണ്ണിമത്തനും മുന്തിരിയും ബക്കറ്റില്‍ ഇട്ടശേഷം വെള്ളം നിറച്ച് ഫ്രീസറില്‍ വച്ച് കട്ടിയാക്കിയാണ് ഇവര്‍ക്ക് നല്‍കുന്നത്. രാവിലെ 9.30നും ഉച്ചയ്ക്ക് ചൂടു കൂടുമ്പോഴും ദേഹത്തേക്ക് വെള്ളമടിച്ചു കൊടുക്കും. 10.30ന് തണ്ണിമത്തന്‍ മുന്തിര ആപ്പിള്‍ മത്തന്‍ വെള്ളരി, വാഴപ്പഴം എന്നിവ ചേര്‍ത്ത് നല്‍കും. തീര്‍ന്നില്ല, ഓരോ കൂടിനു സമീപത്തും ഓരോ പെഡസ്‌റ്റല്‍ ഫാനും സ്ഥാപിച്ചിട്ടുണ്ട്.
കരടിക്ക് ഒന്നിന് 4.5 കിലോ തണ്ണിമത്തന്‍, മറ്റൊന്നിന് രണ്ട് കിലോ തണ്ണിമത്തനും ചൂടിനെ അതി ജീവിക്കാനായി നല്‍കം. പുറമേ എല്ലാ പഴ വര്‍ഗങ്ങളും ആവശ്യാനുസരണം നല്‍കും. മുന്തിരി, ഏത്തപ്പഴം, ചെറുവാഴപ്പഴം, പൈനാപ്പിള്‍, ആപ്പിള്‍,പേരക്ക, വെള്ളരി, മത്തന്‍ എന്നിവയുള്‍പ്പെട്ടതാണ് വേനല്‍ക്കാല മെനു. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും പഴവര്‍ഗങ്ങളും പച്ചക്കറിയും ഉള്‍പ്പെടെയുള്ള ജലാംശം അടങ്ങിയ ഭക്ഷണമാണ് വേനല്‍ക്കാലത്ത് കൂടുതലായും നല്‍കുന്നത്.
എ.സി, സ്‌പ്രിംഗ്ലര്‍ തുടങ്ങി സൗകര്യങ്ങള്‍ ഏറെ: മാന്‍, നീലക്കാള, കരടി, കടുവ എന്നിവയുടെ കൂടിനുളളില്‍ വെള്ളം സ്പ്രേ ചെയ്യുന്ന സ്പ്രിംഗ്ലറും സ്ഥാപിച്ചിട്ടുണ്ട്. കാണ്ടാമൃഗം, റൈനോസ്, കുരങ്ങ്, കാട്ടുപ്പോത്ത് തുടങ്ങിയ മൃഗങ്ങളുടെ കൂടുകളില്‍ കുളം സജ്ജീകരിച്ച് വെള്ളം നിറച്ചു. പാമ്പുകളുടെ കൂടുകളില്‍ ചട്ടികളില്‍ വെള്ളം സദാസമയവും നിറച്ചു വയ്ക്കും. അനാകൊണ്ട, രാജവെമ്പാല എന്നീ പാമ്പുകളുടെ കൂട്ടില്‍ എസി ഘടിപ്പിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ കൂടുകളില്‍ വെള്ളം നിറയ്ക്കുന്നതിന് രണ്ട് ജീവനക്കാരെ നിയോഗിച്ചിട്ടുമുണ്ട്. മാത്രമല്ല 24 മണിക്കൂറും മൃഗങ്ങളുടെ കൂടുകളില്‍ വെള്ളം നിറയ്ക്കുന്നതിന് പ്രത്യേക നിരീക്ഷണം ഉണ്ടാകും.
ഭക്ഷണത്തില്‍ വൈറ്റമിന്‍സും മിനറല്‍സും ചേര്‍ത്തു നല്‍കുകയും ചെയ്യും. 34 കിലോഗ്രാം തണ്ണിമത്തന്‍, 10 കിലോഗ്രാം മുന്തിരി, 25 കിലോഗ്രാം നേന്ത്രപ്പഴം, 12 കിലോ ഗ്രാം ചെറു വാഴപ്പഴം, മൂന്ന് കിലോ പൈനാപ്പിള്‍, മൂന്ന് കിലോ ആപ്പിള്‍, ഒരു കിലോ ഓറഞ്ച്, അഞ്ച് കിലോ പേരയ്ക്ക, 11 കിലോ പപ്പായ, ഒന്നര കിലോ മാതളം, ഒമ്പത് കിലോ വെള്ളരി എന്നിവയാണ് മൃഗശാലയിലെ ആകെ പഴവര്‍ഗ മെനു.