തിരുവനന്തപുരം: തിരുവനന്തപുരത്ത് 61 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മൂന്ന് മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മൂന്ന് പേർക്കും എവിടെ നിന്ന് രോഗബാധയുണ്ടായി എന്നത് കണ്ടെത്താനായിട്ടില്ല.
തിരുവനന്തപുരത്ത് ആദ്യം മരിച്ചത് പോത്തൻകോട് സ്വദേശിയായ അബ്ദുൽ അസീസ് ആയിരുന്നു. അബ്ദുൽ അസീസിന് രോഗം ബാധിച്ചത് എവിടെ നിന്ന് എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വൈദികൻ കെ ജി വർഗ്ഗീസ് മരിച്ചത് മെഡിക്കൽ കോളജിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്. ഒരു മാസത്തിലധികമായി പേരൂർക്കട താലൂക്ക് ആശുപത്രിയിലും മെഡിക്കൽ കോളജിലുമായി ചികിത്സയിലിരിക്കെയാണ് രോഗം ബാധിക്കുന്നതും മരിക്കുന്നതും. ഇയാൾക്ക് ആശുപത്രിയിൽ നിന്ന് രോഗം ബാധിച്ചുവെന്ന സംശയത്തിലാണ് ബന്ധുക്കൾ. എന്നാൽ ഇത് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. വൈദികന്‍റെ കൊവിഡ് പരിശോധന നടത്തുന്നതില്‍ ആരോഗ്യ വകുപ്പിന് വീഴ്ച സംഭവിച്ചതായും ആരോപണമുണ്ട്.
ഈ മാസം 12നാണ് വഞ്ചിയൂർ സ്വദേശി രമേശ് മരിച്ചത്. ഇയാളുടെ പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഇതോടെ രമേശിന്‍റെ കുടുംബാംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ഗുരുതര ശ്വാസകോശ രോഗവുമായി കഴിഞ്ഞ മാസം 23 മുതൽ 28 വരെ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ആളാണ് രമേശ്. ഈ സമയത്ത് ഇയാളുടെ സ്രവ പരിശോധന നടത്തുന്നതില്‍ ആരോഗ്യ വകുപ്പിന് വീഴ്ച വന്നിട്ടുണ്ട്. കൊവിഡ് പോസിറ്റീവായതോടെ ഇയാൾ ചികിത്സയിലായിരുന്നപ്പോൾ ആശുപത്രിയില്‍ എത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തെ ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. ഇവർ പ്രവർത്തിച്ചിരുന്ന കാട്ടാക്കട പഞ്ചായത്തിലെ ആറ് വാർഡുകൾ കന്‍റോൺമെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട 500 പേരുടെ പ്രാഥമിക പട്ടികയും ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറവായിരുന്നതിന്‍റെ ആശ്വാസത്തിലായിരുന്നു തലസ്ഥാനം. എന്നാൽ ഉറവിടം അറിയാത്ത രോഗബാധ സാമൂഹിക വ്യാപനം അടക്കമുള്ള ആശങ്കയേറ്റുകയാണ്.