തിരുവനന്തപുരം : വിഴിഞ്ഞം സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി എഫ്ഐആർ. സഹായമെത്രാന്‍ ഡോ. ആര്‍ ക്രിസ്‌തു ദാസ് ഉള്‍പ്പടെ 95 പേർ പ്രതിപ്പട്ടികയിലുണ്ട്. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ്. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനും വിഴിഞ്ഞം പൊലീസ് കേസെടുത്തു.
ALSO READ| ലോറികള്‍ തടഞ്ഞ് പ്രതിഷേധം, വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷം
ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. വിഴിഞ്ഞം സമരസമിതിക്കെതിരെ എട്ട് കേസുകളാണ് പൊലീസ് ഇതുവരെ രജിസ്റ്റര്‍ ചെയ്‌തത്. വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളിട്ടാണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപത വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അടക്കമുള്ളവര്‍ക്കെതിരായ കേസ്.
ഏറ്റുമുട്ടല്‍, കല്ലേറ്: നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്‍റെ ശ്രമം സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് വിഴിഞ്ഞത്ത് നവംബര്‍ 26ന് വന്‍ സംഘര്‍ഷമുണ്ടായത്. നിര്‍മാണത്തിന് ആവശ്യമായ കല്ലുമായെത്തിയ അഞ്ച് ടോറസ് ലോറികള്‍ സമരക്കാര്‍ തടഞ്ഞിട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം.
സമരക്കാരെ പിരിച്ചുവിടാന്‍ വന്‍ പൊലീസ് സംഘം രംഗത്തെത്തിയെങ്കിലും പ്രതിഷേധക്കാര്‍ അവരെ സംഭവ സ്ഥലത്തേക്ക് കടത്തിവിടാന്‍ തയ്യാറായില്ല. സമരക്കാരും തുറമുഖ അനുകൂലികളും ഏറ്റുമുട്ടുകയും പരസ്‌പരം കല്ലെറിയുകയും ചെയ്‌തിരുന്നു.