തിരുവനന്തപുരം : മഴക്കാലത്ത് ചെളിയും വേനലിൽ പൊടിപടലവും, കേബിൾ ലൈനിനായി പോളിച്ചിട്ട റോഡിൽ വർഷങ്ങളാകുന്നു അറ്റകുറ്റപ്പണി നടന്നിട്ട്. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും നഗരത്തിലേക്കെത്തുന്ന പ്രധാന റോഡും സ്റ്റാച്യുവിലേക്ക് പോകുന്ന റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന എൻ എസ് വാലി റോഡിന്‍റെ അവസ്ഥ ശോചനീയമാണ്. കേബിൾ പണികൾക്കായി രണ്ട് വർഷം മുൻപാണ് ഈ റോഡ് വെട്ടിപ്പൊളിച്ചത്.
ഒരു വര്‍ഷത്തോളമെടുത്താണ് പണി പൂര്‍ത്തിയാക്കിയത്. എന്നാല്‍ വെട്ടിപ്പൊളിച്ച റോഡിന്‍റെ ദുരവസ്ഥ ഇപ്പോഴും തുടരുകയാണ്. എന്‍ എസ് വാലി റോഡിന്‍റെ വശങ്ങളിലായി നിലവില്‍ യൂണിവേഴ്‌സിറ്റി കോളജിന്‍റെ പുതിയ ബ്ലോക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഒപ്പം സിപിഎമ്മിന്‍റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന്‍റെ ജോലികളും പുരോഗമിക്കുന്നുണ്ട്.
പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ ഓടി തുടങ്ങിയാല്‍ പൊടിപടലങ്ങള്‍ക്കൊപ്പം നിര്‍മാണപ്രവര്‍ത്തനങ്ങളുടേതുകൂടിയാകുമ്പോള്‍ വഴിയാത്രക്കാര്‍ പൊറുതിമുട്ടും. സമീപത്തെ ചെറുകിട കച്ചവടക്കാരുടെയും അവസ്ഥ സമാനമാണ്. കൊവിഡിന് ശേഷം പ്രദേശത്ത് പ്രതീക്ഷയോടെ കച്ചവടത്തിനെത്തിയവര്‍ക്ക് റോഡ് പണി നീളുന്നത് തിരിച്ചടിയായി.
നിരവധി ചെറുകിട കച്ചവടക്കാര്‍ എസ് എന്‍ വാലിയിലുണ്ടായിരുന്നു. റോഡ് പണി നീളുകയും പാതയിലൂടെയുള്ള യാത്ര ദുഷ്‌കരമാവുകയും ചെയ്‌തതോടെ കടകളിലേക്ക് എത്തുന്ന ആളുകളുടെ എണ്ണവും കുറഞ്ഞു. ഇതിന് പിന്നാലെ പലരും ജീവനോപാധിയായ കച്ചവടം ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് പോയി.
തലസ്ഥാന നഗരിയിലേക്ക് ജോലിക്കെത്തുന്നവരും വിദ്യാര്‍ഥികളുമുള്‍പ്പടെ നിരവധി പേരാണ് ദിവസവും ഈ റോഡിനെ ആശ്രയിക്കുന്നത്. പ്രധാന റോഡുകള്‍ തമ്മിലുള്ള ഏകദേശം 2 കിലോമീറ്ററോളം ദൂരം ചുരുക്കുന്ന ഈ പാതയുടെ ദുരവസ്ഥ അധികൃതര്‍ മറന്ന മട്ടാണ്.