തിരുവനന്തപുരം: എകെജി സെന്‍ററിലെ എല്‍കെജി കുട്ടിയെന്ന ബിജെപി കൗണ്‍സിലറുടെ പരാമര്‍ശത്തില്‍ പൊട്ടിത്തെറിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ആരും ഓടിളക്കി വന്നവരല്ലെന്നും തന്‍റെ പക്വത അളക്കാന്‍ വരേണ്ടെന്നുമായിരുന്നു മേയറുടെ മറുപടി. കൗണ്‍സില്‍ യോഗം നടക്കുന്നതിനിടയിലായിരുന്നു മേയര്‍ ബിജെപിക്ക് മറുപടി നല്‍കിയത്.
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ മേയറുടെ അനുഭവസമ്പത്തും പ്രായവും പരാമര്‍ശിക്കപ്പെട്ടതാണ് ആര്യയെ ചൊടിപ്പിച്ചത്. നേരത്തെ നഗരസഭയുടെ ഹിറ്റാച്ചികള്‍ കാണുന്നില്ലെന്ന് ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് ആരോപണം ഉന്നയിച്ചിരുന്നു.
Also Read: താടിയെടുത്ത് വൈറലായി വർക്കല എംഎല്‍എ
എകെജി സെന്‍ററിലെ എല്‍കെജി കുട്ടികള്‍ക്ക് മേയര്‍ കസേരയിലിരുന്ന് കളിച്ച് നശിപ്പിക്കാനുള്ളതല്ലല്ലോ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് വാങ്ങുന്ന ലക്ഷങ്ങളുടെ മുതലുകള്‍ എന്നായിരുന്നു കരമന അജിത്ത് ഫെയ്‌സ്‌ബുക്കിലൂടെ ഉന്നയിച്ച ആരോപണം. ഈ പരാമര്‍ശങ്ങള്‍ക്കാണ് മേയര്‍ പൊട്ടിത്തെറിച്ച് മറുപടി നല്‍കിയത്.
ഈ പ്രായത്തില്‍ മേയര്‍ ആയിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമറിയാം. അതിനുള്ള സംവിധാനത്തിലൂടെയാണ് കടന്നു വന്നത്. തന്‍റെ പക്വത അളക്കന്‍ നിങ്ങളായിട്ടില്ലെന്നുമായിരുന്നു മേയറുടെ മറുപടി.