തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് തലസ്ഥാന നഗരിയില്‍ ലുലു മാളിന്‍റെ പ്രവര്‍ത്തനം സജ്ജമാകുന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലുലു മാളിന്‍റെ ഉദ്‌ഘാടനം നിര്‍വഹിക്കും. നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളിലൊന്നാണ് അനന്തപുരിയിലെ ലുലു മാള്‍.
MA Yousuf Alif about Lulu Mall : കേരളം നിക്ഷേപക സൗഹൃദ സംസ്ഥാനമെന്ന് ലുലൂ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ഒരുപാട് ആളുകള്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും പോവുകയും ചെയ്യുമെന്നും എന്നാല്‍ താന്‍ അങ്ങനെ അല്ലെന്നും കേരളത്തില്‍ നിക്ഷേപം നടത്തുന്നതില്‍ പ്രത്യേക സന്തോഷമാണെന്നും യൂസഫലി പറഞ്ഞു. ലുലുമാളിന്‍റെ ഉദ്ഘാടനത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു യൂസഫലിയുടെ പ്രതികരണം.
15,000 പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'യുവാക്കള്‍ക്ക് ജോലി കൊടുക്കുക എന്നത് സര്‍ക്കാരിന്‍റെ മാത്രം ചുമതല അല്ല. തന്‍റെ സ്വപ്‌ന പദ്ധതിയാണ് തലസ്ഥാനത്ത് നാളെ യാഥാര്‍ത്ഥ്യമാകുന്നത്. കൊവിഡ് പ്രതിസന്ധി കാരണം 220 കോടി രൂപയുടെ അധിക ചെലവാണ് ഉണ്ടായത്.' കോഴിക്കോടും കോട്ടയത്തും പുതിയ ഷോപ്പിംഗ് മാളുകള്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണ്ണത്തിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മാളിന്‍റെ മുഖ്യ ആകര്‍ഷണം. ഗ്രോസറി, പഴം പച്ചക്കറികള്‍, വൈവിധ്യമാര്‍ന്ന മറ്റുല്‍പ്പന്നങ്ങള്‍, ബേക്കറി, ഓര്‍ഗാനിക് ഫുഡ്, ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളുമായി വ്യത്യസ്‌തവും വിശാലവുമാണ് ഹൈപ്പര്‍മാര്‍ക്കറ്റ്. കുടുംബശ്രീ ഉള്‍പ്പടെയുള്ളവരില്‍ നിന്ന് പ്രാദേശികമായി സംഭരിച്ച ഉല്‍പ്പന്നങ്ങളും അറബിക് ഭക്ഷണത്തിനായുള്ള പ്രത്യേക സെക്ഷനുകളും ലുലുമാളിലുണ്ട്.
ഇതോടൊപ്പം ടെക്‌നോളജി ട്രെന്‍ഡുകളുമായി ലുലു കണക്‌ട്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ് എന്നിവയും മുഖ്യ ആകര്‍ഷണമാണ്. 200ല്‍ പരം രാജ്യാന്തര ബ്രാന്‍ഡുകളാണ് ലുലു മാളിലെ ഷോപ്പുകളില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. 2500 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഫുഡ് കോര്‍ട്ടാണ് മാളിലുള്ളത്. ഇതിനുപുറമെ കുട്ടികള്‍ക്ക് വിനോദത്തിനായി 80,000 ചതുരശ്രയടി വിസ്‌തീര്‍ണ്ണത്തില്‍ ഫണ്‍ട്യൂറയും ഒരുക്കിയിട്ടുണ്ട്. കൂടാതെ സിനിമ ആസ്വാദകര്‍ക്ക് അത്യാധുനിക മികവോടെ പി.വി.ആര്‍ സിനിമാസിന്‍റെ 12 സ്‌ക്രീന്‍ തിയേറ്ററും മാളിലുണ്ട്.
Also Read : നെറ്റ് ബോൾ പരിശീലനത്തിനിടെ കുഴഞ്ഞ് വീണ 19കാരൻ മരിച്ചു