തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിൽ നാളെ പിടിഎ യോഗം വിളിക്കാൻ തീരുമാനം. എസ്എഫ്ഐ പ്രവർത്തകർ അധ്യാപകരെ ഉപരോധിച്ചതിനെ തുടർന്ന് ഉണ്ടായ അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിനും ക്ലാസുകൾ പുനരാരംഭിക്കാനും വിളിച്ചുചേർത്ത അധ്യാപക യോഗത്തിലാണ് തീരുമാനം. കോളജിലുണ്ടായ എസ്എഫ്ഐ-കെഎസ്‌യു സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകര്‍ക്കെതിരെ ഏകപക്ഷീയമായി നടപടിയെടുത്തു എന്നാരോപിച്ചാണ് ഇന്നലെ രാത്രി മുതൽ എസ്എഫ്ഐ പ്രവർത്തകർ അധ്യാപകരെ ഉപരോധിച്ചത്.
ലോ കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കാമ്പസിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം ഉണ്ടായത്. തുടർന്ന് എസ്എഫ്ഐ അംഗങ്ങളായ 24 വിദ്യാർഥികളെ അന്വേഷണ വിധേയമായി പ്രിൻസിപ്പാൾ സസ്‌പെൻഡ് ചെയ്‌തു. എന്നാല്‍ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് നടപടിയെടുത്തതെന്നും കെഎസ്‌യുവിന്‍റെ കൊടിതോരണങ്ങൾ നശിപ്പിച്ചവരെ ആണ് സസ്‌പെൻഡ് ചെയ്‌തതെന്നും പ്രിൻസിപ്പാൾ അറിയിച്ചു.
എസ്എഫ്ഐ പ്രവർത്തകരെ മാത്രം സസ്‌പെൻഡ് ചെയ്‌ത പ്രിൻസിപ്പാളുടെ നടപടി ഏകപക്ഷീയമാണെന്ന് എസ്എഫ്ഐ ഭാരവാഹികൾ ആരോപിച്ചു. കെഎസ്‌യു പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും പെൺകുട്ടികളെ ആക്രമിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാതെ കെഎസ്‌യുവിനെ സംരക്ഷിക്കുന്ന നിലപാടാണ് പ്രിൻസിപ്പാളിന്‍റേതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
എന്നാൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തത് എന്നാണ് പ്രിൻസിപ്പാള്‍ നല്‍കുന്ന വിശദീകരണം. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ ഉപരോധത്തിനിടെ ക്രൂരമായി ആക്രമിച്ചു എന്ന് അധ്യാപിക ആരോപിച്ചു.