തിരുവനന്തപുരം: സ്കൂൾ കുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ. അഞ്ചരകിലോ കഞ്ചാവുമായി കുടയാൽ മുള്ളലുവിള അഭയാലയം വീട്ടിൽ ലിനു എന്ന അഭയൻ (21), അഞ്ചുമരങ്കാല കുഴിവിള പുത്തൻവീട്ടിൽ വിശാഖ് (25) എന്നിവരെയാണ് കാട്ടാക്കട എക്സൈസ് സംഘം പിടികൂടിയത്. ഒറ്റശേഖരമംഗലം ജനാർദനപുരം എച്ച്എസ്എസിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ ബിആർ സ്വരൂപിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതികൾ അന്യസംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് മൊത്തമായി വാങ്ങി കേരളത്തിൽ എത്തിച്ച് ചെറുകിട കച്ചവടക്കാർക്ക് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന സമയമായതിനാൽ സ്കൂൾ പരിസരങ്ങളിൽ കഞ്ചാവ് വിൽപന നടത്തുവാനായി എത്തിയതാണ് ഇവർ. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി. അസി.എക്സൈസ് ഇൻസ്പെക്ടർ വി ജി സുനിൽകുമാർ, പ്രിവന്‍റീവ് ഓഫീസർ ഗിരീഷ്, സിഇഒമാരായ ടി വിനോദ്, ഹർഷകുമാർ, രാജീവ്, സാധുൻ പ്രഭാദാസ്, സതീഷ് കുമാർ, ഡ്രൈവർ സുനിൽ പോൾ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.