തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ അതിജീവനത്തിന്‍റെ പുതു വെളിച്ചത്തിലേക്ക് ഉറ്റു നോക്കുന്ന തിരുവനന്തപുരം കോട്ടയ്‌ക്കകത്തെ ഗവ. സംസ്‌കൃത ഹൈസ്‌ക്കൂളിന് പ്രധാന കവാടമെന്നത് ഇപ്പോഴും പ്രതീക്ഷ മാത്രം. ഒരു നൂറ്റാണ്ട് പിന്നിട്ട ജില്ലയിലെ ഏക സംസ്‌കൃത സ്‌കൂളായ ഈ ഹൈസ്‌കൂൾ നാശത്തിന്‍റെ വക്കിലാണ്. സ്‌കൂളിന്‍റെ അടിസ്ഥാന വികസന സ്വപ്‌നങ്ങള്‍ ഫണ്ടില്ലായ്‌മയില്‍ കുടുങ്ങിക്കിടക്കുന്ന വാര്‍ത്ത ഇടിവി ഭാരത് നേരത്തെ പുറത്ത് കൊണ്ടുവന്നിരുന്നു.
ഇപ്പോൾ തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ 'ചരിത്ര വീഥി' എന്ന പേരില്‍ തീര്‍ത്ത കെട്ടിടങ്ങളാണ് സ്‌കൂളിന് വെല്ലുവിളി ഉയർത്തുന്നത്. അധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ഥികളുടെയും കഠിന പ്രയത്‌നത്താല്‍ സ്‌കൂളിലേക്ക് പുതിയ വിദ്യാര്‍ഥികള്‍ അഡ്‌മിഷനായി എത്തുമ്പോഴാണ് കോര്‍പ്പറേഷന് കീഴില്‍ സ്‌മാര്‍ട് സിറ്റി പണിത ചരിത്ര വീഥി കെട്ടിടം പ്രധാന കവാടത്തിന് മുന്നില്‍ മറയായി നില്‍ക്കുന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ അതിജീവനത്തിന് ശ്രമിക്കുമ്പോള്‍ നാശോന്മുഖമായ ഗവ. സംസ്‌കൃത വിദ്യാലയത്തിന് ഈ കെട്ടിടങ്ങൾ വിലങ്ങ് തടിയാവുകയാണ്.
തിരുവനന്തപുരത്ത് വരുന്ന ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക, റോഡ് കയ്യേറിയുള്ള കച്ചവടത്തെ നിയന്ത്രിക്കുക എന്നീ ലക്ഷ്യങ്ങളോടെ തുച്ഛമായ വാടകയ്‌ക്ക് കടമുറി ഒരുക്കുന്നതിനാണ് സ്‌മാര്‍ട്ട് സിറ്റിക്ക് കീഴില്‍ കിഴക്കേകോട്ട താലൂക്ക് ഓഫിസിന് സമീപം ചരിത്ര വീഥിയും 12 കട മുറികളും നിര്‍മിച്ചത്. കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയായപ്പോള്‍ സ്‌കൂളും പ്രധാന ഗേറ്റും കാണാമറയത്തായി. നിലവില്‍ തൊട്ടപ്പുറത്തുളള എല്‍ പി സ്‌കൂളിന്‍റെ ചെറിയ ഗേറ്റ് വഴിയാണ് സ്‌കൂളിലേക്ക് കുട്ടികള്‍ വരുന്നത്.
കൊവിഡ് കാലത്തിന് മുന്‍പായിരുന്നു ചരിത്ര വീഥിയുടെ നിര്‍മാണം ആരംഭിച്ചത്. നിലവില്‍ നിർമാണം പൂർത്തിയായെങ്കിലും ലേല നടപടി പൂര്‍ത്തിയാവാത്തതിനാല്‍ കടകള്‍ ഇതുവരെ തുറന്നു പ്രവര്‍ത്തിക്കാനായിട്ടില്ല. ഫലത്തില്‍ സ്‌മാര്‍ട്ട് സിറ്റിയുടെ പേരില്‍ ലഭിച്ച കുറെ പണം ഇവിടെ വിനിയോഗിച്ചു എന്നതിനപ്പുറത്തേക്ക് മറ്റ് നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
അതേസമയം കെട്ടിടത്തിന്‍റെ പണി നടക്കുന്ന സമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ കാണിച്ച അലംഭാവമാണ് സ്‌കൂളിന് ഇങ്ങനെയൊരു ദുര്‍വിധി വരാന്‍ കാരണമെന്നാണ് പൊതുവെ ഉയർന്ന് വരുന്ന ആരോപണം. സ്‌കൂളിലെ നിലവിലെ പ്രധാനാധ്യാപിക അനിത രാജന്‍റെ നേതൃത്വത്തില്‍ സ്‌കൂളിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി വിവിധ വകുപ്പുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പുതിയ ഗേറ്റ് പണിത് നല്‍കാമെന്ന് ഫോര്‍ട്ട് വാര്‍ഡ് കൗണ്‍സിലര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും അതെപ്പോൾ യാഥാർഥ്യമാകുമെന്നത് ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. പ്രധാന കവാടം ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ക്ക് സ്‌കൂളിനകത്തേക്ക് പ്രവേശിക്കാനും ആകുന്നില്ല. അതിനാല്‍ ഉച്ചക്കഞ്ഞിക്കുള്ള അരിയും സാധനങ്ങളും സ്‌കൂള്‍ ജീവനക്കാര്‍ തല ചുമടായി റോഡില്‍ നിന്ന് കൊണ്ട് വരികയാണ് ചെയ്യുന്നത്. സ്‌കൂൾ പുനര്‍നിര്‍മാണത്തിന് ആവശ്യമായ സാധന സാമഗ്രികള്‍ കൊണ്ട് വരുന്നതിനും പ്രയാസം നേരിടുന്നുണ്ട്. പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണണമെന്നാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും ആവശ്യം.