തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് വിലകൂടിയ മദ്യവും ഭക്ഷണവും ഉപയോഗിച്ചതിന് ശേഷം മോഷണം നടത്തി മുങ്ങാനുള്ള കാരണം നക്ഷത്ര ഹോട്ടലുകളോടുള്ള വൈരാഗ്യമെന്ന് വ്യക്തമാക്കി 'ഫൈവ് സ്‌റ്റാര്‍' കള്ളന്‍. വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിൽ ടൂറിസ്‌റ്റ് ഗൈഡായി ജോലി ചെയ്‌തിരുന്ന കാലത്ത് ഹോട്ടലുകള്‍ തന്നെ പറ്റിച്ചതിലുള്ള ദേഷ്യമാണ് മോഷണത്തിലൂടെ തീര്‍ത്തതെന്നാണ് പ്രതിയുടെ വിശദീകരണം. നഗരത്തിലെ സൗത്ത് പാർക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് ഹോട്ടലിലുണ്ടായിരുന്ന മറ്റ് താമസക്കാരില്‍ നിന്ന് ലാപ്ടോപ് ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്‌ടിച്ച് കടന്നുകളഞ്ഞ വിന്‍സന്‍റിനെ ഇന്നലെയാണ് പൊലീസ് പിടികൂടുന്നത്.
11 വ്യത്യസ്‌ത പേരുകളിൽ തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഇതേ മാതൃകയിൽ മോഷണം നടത്തിയതിന് ഇയാൾക്കെതിരെ കേസുകളുണ്ട്. കഴിഞ്ഞ 23 ന് മോഷണം നടത്തി മുങ്ങിയ ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് വാട്‌സ്‌ആപ്പ് ഗ്രൂപ്പുകൾ മുഖാന്തരം കന്‍റോൻമെന്‍റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കൊല്ലം റെയിൽവേ സ്‌റ്റേഷനിലാണെന്ന് വിവരം ലഭിക്കുന്നത്. തുടർന്ന് കൊല്ലം സിറ്റി പൊലീസിന്‍റെ സഹാത്തോടെ ഇയാളെ പിടികൂടുകയുമായിരുന്നു. ഹോട്ടലിൽ നിന്നും മോഷ്‌ടിച്ച ലാപ്ടോപ് ഇയാളുടെ പക്കൽ നിന്നും പോലീസ് ഇന്നലെ കണ്ടെടുത്തിരുന്നു.
Also Read: പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് മോഷണം നടത്തുന്നയാള്‍ പിടിയിൽ