തിരുവനന്തപുരം : പ്രവാസിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ ആറുപേര്‍ അറസ്‌റ്റില്‍. കേസില്‍ യുവതിയടക്കം ഏഴുപേരാണ് പ്രതികള്‍. സംഭവത്തില്‍ വിശദമായ തെളിവെടുപ്പും പരിശോധനയും നടത്തുമെന്ന് കേസിന്‍റെ അന്വേഷണ ചുമതലയിലുള്ള ശംഖുമുഖം അസിസ്‌റ്റന്‍റ് കമ്മിഷണര്‍ പൃഥ്വിരാജ് പറഞ്ഞു.
കാമുകി ഉള്‍പ്പെട്ട തട്ടിക്കൊണ്ടുപോകല്‍: പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റം കൂടി ചുമത്തും. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് തീരുമാനമെന്നും കേസിലെ ഏഴാം പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്നും അസിസ്‌റ്റന്‍റ് കമ്മിഷണര്‍ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഫെബ്രുവരി 22 നാണ് പ്രവാസിയായ മുഹൈദിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ദുബായില്‍ ബിസിനസ് നടത്തിയിരുന്ന മുഹൈദിന്‍റെ മുന്‍ കാമുകിയും സഹോദരനും ഉള്‍പ്പെട്ട സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയത്.
ഇന്‍ഷ ആവശ്യപ്പെട്ടത് ഒരു കോടി : മുഹൈദും ഇന്‍ഷയും തമ്മില്‍ ദുബായില്‍ വച്ച് അടുപ്പത്തിലായിരുന്നു. എന്നാല്‍ മുഹൈദ് പിന്മാറിയതിനെ തുടര്‍ന്ന് ദുബായില്‍ വച്ച് ഇന്‍ഷ ഒരു കോടി രൂപ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഹൈദ് ഇത് അംഗീകരിച്ചിരുന്നില്ല. ഇതാണ് ഇയാളെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്താനുള്ള പ്രേരണ. ദുബായില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ കാറിലെത്തിയ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി ചിറയിന്‍കീഴിലെ റിസോര്‍ട്ടില്‍ രണ്ട് ദിവസം കെട്ടിയിട്ടു. ഇന്‍ഷയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞാണ് മുഹൈദിനെ കാറില്‍ കയറ്റിക്കൊണ്ടുപോയത്. ഇവിടെവച്ച് ഇയാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു.
പരാതിക്ക് പിന്നാലെ അറസ്‌റ്റ് : മുഹൈദിന്‍റെ കൈയില്‍ നിന്നും 15,70,000 രൂപയും രണ്ട് ഫോണും സ്വര്‍ണവും തട്ടിയെടുത്തതായാണ് പരാതി. മുഹൈദിനെ ഭീഷണിപ്പെടുത്തി ചില മുദ്ര പത്രങ്ങളില്‍ ഇവര്‍ ഒപ്പുവയ്പ്പിച്ചിട്ടുമുണ്ട്. ഇതിനുശേഷം കഴിഞ്ഞ ദിവസം ഇവര്‍ മുഹൈദിനെ ഇരുചക്രവാഹനത്തില്‍ എയര്‍പോര്‍ട്ടിന് മുന്നില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ മുഹൈദ് 25 ന് രാവിലെയാണ് വലിയതുറ പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ ഇവരെ വലിയതുറ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.