തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിനു വേദിയാകാനൊരുങ്ങുകയാണ് തിരുവനന്തപുരം നഗരസഭ. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അതിവേഗം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുകയാണ് എല്‍.ഡി.എഫും ബി.ജെ.പിയും. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായ യു.ഡി.എഫില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല.
കേരളത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷനാണ് തിരുവനന്തപുരം. 100 വാര്‍ഡുകള്‍. കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 43 സീറ്റ് നേടി എല്‍.ഡി.എഫ് ഭരണം പിടിച്ചു. എന്നാല്‍ ഇത്തവണ കേവല ഭൂരിപക്ഷം ഉറപ്പിച്ച് അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. ഇടതു മുന്നണിയില്‍ സി.പി.ഐയുമായി സീറ്റ് വിഭജനം സംബന്ധിച്ച ചില്ലറ തര്‍ക്കങ്ങള്‍ മാത്രമാണുള്ളത്. മത്സരിക്കുന്ന 70 സീറ്റുകളിലേക്കും സ്ഥാനാര്‍ഥി നിര്‍ണയം നടത്തി സി.പി.എം ആദ്യ ഘട്ടത്തില്‍ എതിരാളികള്‍ക്കു മുന്നിലെത്തിയിട്ടുണ്ട്.
2015ല്‍ 35 സീറ്റുകളില്‍ വിയജിക്കുകയും 21 ഇടത്ത് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്ത ബി.ജെ.പി ഇത്തവണ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രം തിരുത്തിക്കുറിക്കാമെന്ന പ്രതീക്ഷയിലാണ്. ആദ്യഘട്ടമായി 39 സ്ഥാനാര്‍ഥികളെ ബി.ജെ.പി പ്രഖ്യാപിക്കുകയും ചെയ്തു.ബി.ജെ.പിയുടെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ കനത്ത തിരിച്ചടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യു.ഡി.എഫ് നേരിട്ടത്. 40 സീറ്റില്‍ നിന്ന് യു.ഡി.എഫ് 21 സീറ്റിലേക്ക് കൂപ്പുകുത്തി. വിമത ശല്യവും സര്‍ക്കാര്‍ വിരുദ്ധ വികാരവും യു.ഡി.എഫിന് തിരിച്ചടിയായി. ഇത്തവണയും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഇതുവരെ യു.ഡി.എഫില്‍ വ്യക്തതയായിട്ടില്ല. എന്നാല്‍ വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും പിന്നിലാക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുന്നു.
സ്ഥാാര്‍ഥി നിര്‍ണയത്തിലെ മേല്‍ക്കോയ്മയും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ നഗരസഭാ ഭരണമികവും തങ്ങള്‍ക്ക് അനായാസ വിജയം സമ്മാനിക്കുമെന്ന് എല്‍.ഡി.എഫ് കണക്കു കൂട്ടുമ്പോള്‍ കഴിഞ്ഞ തവണത്തേതിലും മികച്ച മുന്നേറ്റമുണ്ടാക്കി ഭരണം പിടിക്കാമെന്ന കണക്കു കൂട്ടലിലാണ് ബി.ജെ.പി. പാര്‍ട്ടിയിലെ പടലപിണക്കങ്ങള്‍ തിരിച്ചടിയായേക്കുമെന്ന ഭയം ബി.ജെ.പിക്കില്ലാതില്ല. അതേ സമയം ശക്തമായ സര്‍ക്കാര്‍ വിരുദ്ധ വികാരം തങ്ങള്‍ക്കനുകൂലമാകുമെന്ന കണക്കു കൂട്ടലിലാണ് യു.ഡി.എഫ് ക്യാമ്പ്.